ഗോഹട്ടി: ആസാം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആസാമിന്റെ പതിനഞ്ചാമത്തെ മുഖ്യമന്ത്രിയാണ് അദ്ദേഹം. രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഉള്‍പ്പെടെയുള്ള പ്രമുഖരും പങ്കെടുത്തു.
കഴിഞ്ഞദിവസം ബിജെപിയുടെ നിയമസഭാ കക്ഷിനേതാവായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണു നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഇഡിഎ) കണ്‍വീനര്‍കൂടിയായ ശര്‍മയ്ക്കു മുഖ്യമന്ത്രിപദത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഭരണത്തുടര്‍ച്ച ഉറപ്പാക്കി ബിജെപിക്കു ഭൂരിപക്ഷം സ്വന്തമാക്കിയതോടെ സര്‍ബാനന്ദ സോനോവാളും മുഖ്യമന്ത്രിപദത്തിനുവേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു.
എന്നാല്‍ ബിജെപിയുടെയും എന്‍ഡിഎയുടെയും നിയമസഭാ കക്ഷിനേതാവായി ശര്‍മയെ തെരഞ്ഞെടുത്തതോടെ വീണ്ടും മുഖ്യമന്ത്രിപദവി എന്ന മോഹം സര്‍ബാനന്ദ സോനോവാള്‍ ഉപേക്ഷിക്കുകയായിരുന്നു.126 അംഗ സഭയില്‍ ബിജെപിക്ക് 60 പ്രതിനിധികളെയാണു ലഭിച്ചത്.