കണ്ണൂര്‍: ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ലാപ്ടോപ്പുകള്‍ മോഷ്ടിച്ച പ്രതികള്‍ പിടിയിലായി. കോഴിക്കോട് മാറാട് പാലക്കല്‍ ഹൗസില്‍ ടി.ദീപു (31), തലശേരി ടെമ്ബിള്‍ ഗേറ്റ് സ്വദേശി കുന്നുംപുറത്ത് ഹൗസില്‍ കെ.എസ് മനോജ് (54) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്.

ഇരട്ടി സ്കൂളിലെ കമ്ബ്യൂട്ടര്‍ ലാബില്‍ നിന്ന് 26 ലാപ്ടോപ്പുകള്‍ ആണ് ഇവര്‍ മോഷ്ടിച്ചത്. ഇവയില്‍ 24 ലാപ്ടോപ്പുകളും ചാര്‍ജറുകളും കണ്ണൂര്‍ ചക്കരക്കല്ലിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
കഴിഞ്ഞ എട്ടാം തീയതിയാണ് എട്ട് ലക്ഷം രൂപയോളം വിലവരുന്ന ലാപ്ടോപ്പുകള്‍ മോഷണം പോയത്. ഹൈസ്‌കൂള്‍ ഇ ബ്ലോക്കിലെ ലാബിന്റെ പൂട്ട് തകര്‍ത്താണ് പ്രതികള്‍ അകത്തുകടന്നത്. രണ്ടു പ്രതിക്കളും ഒട്ടനവധി കവര്‍ച്ചാ കേസുകളിലെ പ്രതികളാണ്. ദീപു കഴിഞ്ഞ കൊല്ലവും ഇതേ സ്കൂളില്‍ നിന്ന് രണ്ട് ലാപ്ടോപ്പുകള്‍ മോഷ്ടിച്ചതിന് പിടിയിലായിരുന്നു. ആറളം ഫാമിലെ ഭാര്യ വീട്ടില്‍ താമസിച്ച്‌ മോഷണം നടത്തുകയാണ് ഇയാളുടെ രീതി എന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.

ഇരിട്ടി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, സി.ഐ എം.പി രാജേഷ്, എസ്.ഐമാരായ അബ്ബാസ് അലി, മനോജ്, അഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യപ്പെട്ടുകൊണ്ട് പോലീസ് കോടതിയെ സമീപിക്കും.

കോവിഡ് പോസിറ്റീവായ ആള്‍ വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ പിടിയിലായി

നിലമ്ബൂരില്‍ കോവിഡ് പോസിറ്റീവ് ആയ രോഗി വീട്ടില്‍ ചാരായം വാറ്റുന്നതിനിടയില്‍ എക്സൈസ് പിടിയില്‍. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടില്‍ പറങ്ങോടന്‍ മകന്‍ കൃഷ്ണന്‍ (55 വയസ്സ്) ആണ് എക്സൈസ് – പോലീസ് സംയുക്ത റെയിഡില്‍ പിടിയിലായത്. 170 ലിറ്റര്‍ വാഷ്, പ്ലാസ്റ്റിക് ബാരലുകള്‍ , ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് അടുപ്പ്, അലുമിനിയം കലങ്ങള്‍ തുടങ്ങി നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

പ്രതി നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന കഴിഞ്ഞ് ഫലം വരുന്നതും കാത്ത് ക്വാറന്റൈനില്‍ ആയിരുന്നു. ആ സമയത്ത് രഹസ്യമായി ചാരായം വാറ്റി വ്യാപകമായി വില്‍പന നടത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. കസ്റ്റഡിയില്‍ എടുത്ത പ്രതി കോവിഡ് പോസിറ്റീവ് ആണെന്ന് നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ഒഴിവാക്കി കേസ് എടുക്കുകയായിരുന്നു. തുടര്‍ നടപടികള്‍ കോവിഡ് നെഗറ്റീവ് ആയ ശേഷം സ്വീകരിക്കും.

നിലമ്ബൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസര്‍ എം. ഹരികൃഷ്ണന്‍റെ നേത്യത്വത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ അഖില്‍ദാസ്, രാകേഷ് ചന്ദ്രന്‍, പി.സി.ജയന്‍ ,വനിതാ ഓഫിസര്‍ ഇ.ഷീന, പോത്തുകല്ല് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ് സി, സി.പി.ഒ മാരായ സലീല്‍ ബാബു, കൃഷ്ണദാസ് എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു. പ്രതിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആറു എക്സൈസ് ഉദ്യോഗസ്ഥരും, മൂന്ന് പോലീസുകാരും ക്വാറന്റീല്‍ പോയി.