തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ ആകാശത്ത് കറങ്ങിയപ്പോള്‍ ബിജെപി വോട്ടുകള്‍ ഒലിച്ചുപോയി എന്ന മലയാള മനോരമ പത്രത്തിന്റെ വാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി വാടകയ്‌ക്കെടുത്ത മൂന്നു ഹെലികോപ്റ്ററുകളില്‍ ഒന്നില്‍ വി മുരളീധരന്‍ കറങ്ങിനടക്കുകയായിരുന്നു എന്നായിരുന്നു മലയാള മനോരമ പാത്രത്തില്‍ വന്ന വാര്‍ത്ത. എന്നാല്‍ ഏതാണ്ട് 20 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആകെ രണ്ട് തവണയാണ് ഞാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. രണ്ടും ബഹു.പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനും, അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ വേണ്ടിയായിരുന്നു എന്നും മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം………………………….

ബിജെപി കണ്ടെത്തി : നേതാക്കള്‍ ആകാശത്ത് കറങ്ങിയപ്പോള്‍ ബിജെപി വോട്ടുകള്‍ ഒലിച്ചുപോയി’ മലയാളത്തിലെ പ്രമുഖ ദിനപത്രത്തിലെ ഇന്നത്തെ വാര്‍ത്തയാണ്.
ഇതില്‍പ്പറയുന്ന ഒരു ഹെലികോപ്ടര്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍…
ലേഖകന്‍ പറയുന്നത് ഞാന്‍ ആ മൂന്നാമത്തെ ഹെലികോപ്ടറില്‍ കറങ്ങി നടക്കുകയായിരുന്നു എന്നാണ് ! ഏതാണ്ട് 20 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആകെ രണ്ട് തവണയാണ് ഞാന്‍ കോപ്റ്റര്‍ ഉപയോഗിച്ചത്…

രണ്ടും ബഹു.പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാനും….
പ്രസംഗം പരിഭാഷപ്പെടുത്താന്‍ അദ്ദേഹത്തിനൊപ്പം വേദിയിലെത്താനായിരുന്നു അത്…
മുരളീധരന്‍ മറ്റെവിടെയെല്ലാമാണ് ഹെലികോപ്റ്ററില്‍ പറന്നതെന്ന് വായനക്കാരോട് വെളിപ്പെടുത്താനുള്ള ബാധ്യത ഈ ലേഖകനുണ്ട്…..

അതല്ല മറിച്ചാണെങ്കില്‍ ഈ വാര്‍ത്ത തിരുത്താനും……
ഈ ലേഖകനടക്കം മനസിലാക്കേണ്ട ഒന്നുണ്ട്….
കേരളത്തില്‍ തെക്കുമുതല്‍ വടക്കുവരെ ബസിലും ട്രെയിനിലും കാറിലുമെല്ലാം യാത്ര ചെയ്ത് തന്നെയാണ് ഞാന്‍ പൊതുപ്രവര്‍ത്തകനായത്….
ഓടുപൊളിച്ച്‌ ഇറങ്ങിയതാണെന്ന രാഷ്ട്രീയ ശത്രുക്കളുടെ പ്രചാരണത്തിന്‍്റെ ഏറ്റുപാടലാണ് നിങ്ങള്‍ നടത്തുന്നതെങ്കില്‍ നല്ല നമസ്കാരം എന്നേ പറയാനുള്ളൂ