ന്യൂഡല്‍ഹി : കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്ന വാദം തളളി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍. ഈ സാഹചര്യത്തില്‍ കൊറോണ പ്രതിരോധത്തിനായുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളും ഏജന്‍സി പുറത്തിറക്കി. വായുവിലൂടെ പകരുന്നതല്ല കൊറോണ വൈറസുകളെന്ന് ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ വന്ന വീക്ഷണം തള്ളക്കളഞ്ഞുകൊണ്ടാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.
മഹാമാരിയുടെ തുടക്കം മുതല്‍ മിക്ക ഗവേഷകരും വിദഗ്ധരും കൊറോണ വായുവിലൂടെ പകരുന്നതല്ലെന്ന് പറഞ്ഞിരുന്നു. വൈറസ് ഒരാളുടെ ശ്വസന ദ്രവങ്ങളുടെ തുള്ളികളിലൂടെ മാത്രമേ പകരൂ എന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്ന് വ്യാപനം രൂക്ഷമായതോടെ വായുവിലൂടെ അല്ലാതെ ഇത്രയും വലിയ തോതില്‍ വൈറസ് വ്യാപിക്കില്ലെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
രോഗം ബാധിച്ച ഒരാളില്‍ നിന്നും മൂന്ന് മുതല്‍ ആറ് വരെ അടിയ്ക്കുള്ളില്‍ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ ദൂരത്തില്‍ നേര്‍ത്ത തുള്ളികളും കണങ്ങളും വ്യാപിക്കും. വീടിനകത്ത് ആറടിയില്‍ കൂടുതല്‍ അകലമുണ്ടെങ്കിലും വൈറസ് പകരാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ഏജന്‍സി മുന്നറിയിപ്പ് നല്കുന്നു. രോഗബാധിതനായ ഒരാള്‍ കടന്നുപോയ ആറടി അകലത്തിനപ്പുറത്തേക്കും അയാള്‍ പുറത്തുവിട്ട കണങ്ങള്‍ 15 മിനിറ്റോളം തങ്ങിനില്ക്കും. ചിലപ്പോള്‍ മണിക്കൂറുകളോളം നേരം അന്തരീക്ഷത്തില്‍ അണുബാധ പകരാന്‍ പര്യാപ്തമായ വൈറസ് നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൊറോണയുടെ ഈ വ്യാപനത്തെ തടയാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും ഏജന്‍സി പുറത്തിറക്കിയിട്ടുണ്ട്. ശാരീരിക അകലം പാലിക്കുക, കൃത്യമായ മാസ്കുകള്‍ ഉപയോഗിക്കുക, ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുക, കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക എന്നിവ വൈറസ് തടയുന്നതിന് ഫലപ്രദമാണെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി.