തിരുവനന്തപുരം: മന്ത്രി കെ.കെ. ശെെലജയ്‌ക്കെതിരെ പാര്‍ട്ടിയില്‍ ആസൂത്രിതമായ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ കണ്ണൂരില്‍ നിന്നുളള ചിലര്‍ ശെെലജയെ മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കാന്‍ ശ്രമം നടത്തിയതായി ഒരു മലയാള വാര്‍ത്താ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

മട്ടന്നൂര്‍ സീറ്റില്‍ മത്സരിക്കുന്നതിനെച്ചൊല്ലി നേരത്തെ നടന്ന വടംവലിയുടെ തുടര്‍ച്ചയാണ് ഇപ്പോ‌ള്‍ ശെെലജയ്‌ക്കെതിരെ നടന്ന ആസൂത്രിത നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിലേക്കു രണ്ടു ടേം നിബന്ധന നടപ്പാക്കിയതു പരക്കെ അംഗീകരിക്കപ്പെട്ടതിനു തെളിവാണ് തിരഞ്ഞെടുപ്പിലെ വന്‍ വിജയം. അതേ മാതൃകയില്‍ മന്ത്രിസഭയിലും പാര്‍ട്ടിയുടെ മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങളാവട്ടെ എന്നുമായിരുന്നു ഒരു കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ നിര്‍ദേശമത്രെ. ശൈലജയ്ക്കു പുറമെ മന്ത്രി എ.സി. മൊയ്തീനെയും ഈ വാദത്തിലൂടെ ചിലര്‍ ഉന്നം വച്ചിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിതന്നെ ഈ ചര്‍ച്ചയ്ക്കു വിലങ്ങിട്ടതായാണ് സൂചന. പുതുമുഖങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് പാര്‍ട്ടിയില്‍ ഏതാണ്ടു ധാരണയുണ്ട്. അക്കൂട്ടത്തില്‍ ശൈലജയെക്കൂടി ഒഴിവാക്കണമെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ കേന്ദ്ര കമ്മിറ്റിയംഗം ചര്‍ച്ച നടത്തിയത്. ശെെലജയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്. ശിവകുമാറിനെതിരെ തിരുവനന്തപുരം ജില്ലയില്‍നിന്നു മത്സരിപ്പിക്കണമെന്ന നിര്‍ദേശവുമായി നേരത്തെ രംഗത്തു വന്നതും ഇതേ വിഭാഗം തന്നെയായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

മട്ടന്നൂരില്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് ശെെലജ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ആര്‍.എസ്.പി സ്ഥാനാര്‍ത്ഥി ഇല്ലിക്കല്‍ അ​ഗസ്തിയെ 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവര്‍ പരാജയപ്പെടുത്തിയത്. 2016ല്‍ കൂത്തുപറമ്ബില്‍ മത്സരിച്ച ശെെലജ ഇത്തവണ മട്ടന്നൂരിലും വിജയം ആവര്‍ത്തിച്ചത് അവരുടെ ജനസമ്മതിയെ സൂചിപ്പിക്കുന്നു. നിപ്പ, കൊവിഡ്, പ്രളയ വേളകളില്‍ ആരോഗ്യവകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരുവേള മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശെെലജയ പരി​ഗണിക്കണമെന്നുപോലും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.