എട്ട് വര്‍ഷമായി പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞ യു.കെ യിലെ കൊടും ക്രിമിനല്‍ മൈക്കല്‍ പോള്‍ മൂഗനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വ്യാജ മേല്‍വിലാസത്തില്‍ ദുബായില്‍ കഴിഞ്ഞുവരികയായികരുന്നു.

പിടിയിലായ മൈക്കല്‍ പോള്‍ മൂഗന്‍ യുകെയില്‍ വലിയ തോതിലുള്ള മയക്കുമരുന്ന് കടത്ത് ഗൂഢാലോചനയില്‍ പങ്കുള്ളയാളാണ്. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്.

ലിവര്‍പൂളിലെ ക്രോക്സ്റ്റെത്തില്‍ നിന്നുള്ള മോഗന്‍ (35) റോട്ടര്‍ഡാമിലെ ഒരു കഫേയില്‍ നടന്ന റെയ്ഡില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആഴ്ചയില്‍ നൂറുകണക്കിന് കിലോഗ്രാം കൊക്കെയ്ന്‍ യുകെയിലേക്ക് കൊണ്ടുവരാനുള്ള ഗൂഢാലോചന ഇവിടെ നടന്നതായി പോലീസ് പറയുന്നു. പിടികിട്ടാപ്പുള്ളിയായി കൊടും ക്രിമിനലിനെ കസ്റ്റഡിയില്‍ എടുത്തതിന് യു.കെയിലെ ദേശീയ ക്രൈം ഏജന്‍സി ദുബായ് പോലീസിന് നന്ദി അറിയിച്ചു.

പ്രതി മറ്റൊരു പേരും, മേല്‍വിലാസവും ഉപയോഗിച്ചിട്ടുണ്ടെങ്കിലും അന്വേഷണ സംഘത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞതായും, തിരിച്ചറിഞ്ഞ ഉടന്‍ തന്നെ പ്രതിയെ തങ്ങളുടെ ങ്ങളുടെ നിരീക്ഷണത്തിലാക്കിയതായും , ജനറല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സേലം അല്‍ ജല്ലഫ് പറഞ്ഞു.

പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് ദുബായ് പൊലീസിലെ ക്രിമിനല്‍ ഡാറ്റാ അനാലിസിസ് സെന്ററിന്റെ പ്രാഗല്‍ഭ്യം കൊണ്ടാണെന്നും, മൊഗാനെ തിരിച്ചറിയുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായും ദുബായ് പോലീസിലെ വാണ്ടഡ് പേഴ്‌സണ്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സയീദ് അല്‍ കംസി വ്യക്തമാക്കി.