കോഴിക്കോട്: കോവിഡ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയും നിയമങ്ങള്‍ ലംഘിച്ചും വിവാഹ മാമാങ്കം. കോഴിക്കോട് ജില്ലയിലാണ് സംഭവം. അമ്ബതിലധികം പേരെ പങ്കെടുപ്പിച്ചു വിവാഹ പാര്‍ട്ടി നടത്തിയ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി, ചേരണ്ടത്തൂര്‍ സ്വദേശികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പാര്‍ട്ടിക്കായി ഒരുക്കിയ കസേര, പന്തലുള്‍പ്പെടെയുള്ള വാടക സാമഗ്രികള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ജാഗ്രത നിര്‍ദ്ദേശങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനം വെച്ചു പുലര്‍ത്തുന്നത് തീര്‍ത്തും ആശ്വാസ്യമല്ലെന്ന് ജില്ലാ കളക്ടറും വ്യക്തമാക്കി. ചട്ടലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ള ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിങ്ങള്‍ക്കും പരാതിപ്പെടാം. പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ‘നമ്മുടെ കോഴിക്കോട്’ മൊബൈല്‍ ആപ്ലിക്കേഷന്‍ SOS ബട്ടനിലെ ‘റിപ്പോര്‍ട്ട് ആന്‍ ഇഷ്യു’ സേവനം ഉപയോഗപ്പെടുത്തി ഫോട്ടോ / വീഡിയോ സഹിതം പരാതികള്‍ സമര്‍പ്പിക്കാം.

പരാതികള്‍ അയക്കുമ്ബോള്‍ ഫോട്ടോ സഹിതം അയക്കാനും സ്ഥലം വ്യക്തമായി നല്‍കാനും പ്രത്യേകം ശ്രദ്ധിക്കണം. പരാതിക്കാരന്റെ പേര്, വിവരങ്ങള്‍ വെളിപ്പെടുത്താതെ പൂര്‍ണ്ണമായ രഹസ്യ സ്വഭാവം നിലനിര്‍ത്തി കൊണ്ട് തന്നെയാണ് പരാതികള്‍ കൈകാര്യം ചെയ്യുക. അയക്കുന്ന പരാതികള്‍ കളക്ടര്‍ നേരിട്ട് പരിശോധിച്ചു പോലീസ് മേധാവികള്‍ക്ക് കൈമാറും. തുടര്‍ന്ന് പോലീസ് സേനയുടെ നേതൃത്വത്തില്‍ കണ്ടെത്തി, അവയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.