ന്യൂദല്‍ഹി: വില കുറച്ചുനിര്‍ത്താന്‍ വാക്‌സിനുകള്‍ക്ക് അഞ്ചു ശതമാനവും മരുന്നുകള്‍ക്കും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്കും 12 ശതമാനം നികുതിയും ആവശ്യമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നികുതികള്‍ ഒഴിവാക്കണമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആവശ്യത്തിന് പിന്നാലെയാണ് ധനമന്ത്രിയുടെ വിശദീകരണം. ജിഎസ്ടിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കിയാല്‍ ഇവയുടെ ആഭ്യന്തര ഉത്പാദകര്‍ക്ക് ഇന്‍പുടുകള്‍ക്കും ഇന്‍പുട് സേവനങ്ങള്‍ക്കും നല്‍കുന്ന നികുതിക്ക് ലഭിക്കുന്ന ആനുകൂല്യം നേടാനാകില്ലെന്നും വില വര്‍ധിപ്പിച്ച്‌ ഇത് ഉപഭോക്താക്കള്‍ക്ക് കൈമാറും എന്നും നിര്‍മല സീതാരാമന്‍ ട്വീറ്റില്‍ പറയുന്നു.

ഉത്പന്നങ്ങള്‍ ഉത്പാദിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും നല്‍കിയ നികുതി തങ്ങള്‍ക്ക് കുറവ് ചെയ്തു നല്‍കണമെന്ന് അവകാശപ്പെടുന്നതാണ് ഇന്‍പുട് ടാക്‌സ് ക്രഡിറ്റ്. ഉത് ഉത്പന്നങ്ങളുടെ വില കുറയാന്‍ കാരണമാകുന്നു. നികുതിയില്‍നിന്ന് ഒഴിവാക്കിയ വസ്തുക്കള്‍ക്ക് ഇത് അവകാശപ്പെടാനാകില്ല. കോവിഡ് മരുന്നുകളും അനുബന്ധ ഉപകരങ്ങളും ഇറക്കുമതി തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സംയോജിത ജിഎസ്ടിയുടെ 70 ശതമാനവും സംസ്ഥാനങ്ങള്‍ക്കാണ് ലഭിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ക്കും നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മമതാ ബാനര്‍ജി ഞായറാഴ്ച കത്ത് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം.