പാലക്കാട്: കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമല്ലെന്ന് ദേശീയ നേതൃത്വം. അത് ദേശീയ നേതൃത്വമാണ് തീരുമാനിച്ചതെന്ന് സംഘടന ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് പറഞ്ഞു. നേരത്തെ സുരേന്ദ്രന്‍ രണ്ടിടത്ത് നിന്ന് മത്സരിച്ചത് തെറ്റായ തീരുമാനമാണെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം സുരേന്ദ്രനെ ദേശീയ നേതൃത്വം ന്യായീകരിച്ചിരിക്കുകയാണ്. നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെടുന്ന സമയത്താണ് ദേശീയ നേതൃത്വം തന്നെ അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തിയിരിക്കുന്നത്.

കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം വൈകിയതിലും വിമര്‍ശനം ഉയര്‍ന്നു. ഇതിന്റെ കാരണങ്ങള്‍ പ്രഹ്ലാദ് ജോഷി തന്നെ വ്യക്തമാക്കി. ശോഭയോട് മത്സരിക്കുന്നോ എന്ന് ദേശീയ നേതൃത്വം ചോദിച്ചിരുന്നു. എന്നാല്‍ മത്സരിക്കാനേ ഇല്ലെന്നായിരുന്നു ശോഭയുടെ നിലപാട്. പിന്നീട് ആര്‍എസ്‌എസ് ഇടപെട്ടിട്ടും മത്സരിക്കാനുള്ള താല്‍പര്യം ശോഭ കാണിച്ചില്ല. ഒടുവില്‍ ആര്‍എസ്‌എസിലെ ഭാരവാഹി വഴിയാണ് സ്ഥാനാര്‍ത്ഥിയാകാനുള്ള സന്നദ്ധത അവര്‍ അറിയിച്ചത്. ഇതൊക്കെയാണ് അവരുടെ സ്ഥാനാര്‍ത്ഥിത്വം വൈകിച്ചത്. തോല്‍വിക്ക് കാരണവും അത് തന്നെയാണ്.

സംഘടന ശക്താക്കുന്നതില്‍ ശ്രദ്ധ കൊടുക്കാത്തതാണ് തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് കാരണമായത്. കൊവിഡ് സാഹചര്യം താഴെ തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായതായി ദേശീയ ജനറല്‍ സെക്രട്ടറി പറഞ്ഞു. 2016 മുതല്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ഈഴവ സമുദായത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് കിട്ടിയ വോട്ടുകള്‍ എല്‍ഡിഎഫ് കൊണ്ടുപോയെന്ന് ബിജെപി നേതൃത്വം പറയുന്നു. അതോടെ മുന്നണിക്ക് വോട്ടും കുറഞ്ഞെന്നും നേതാക്കള്‍ പറഞ്ഞു. ബിഡിജെഎസ് ഘടകകക്ഷിയായിരിക്കെ സംഭവിച്ച ഈ വോട്ടുമാറ്റത്തെ കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തി മുന്നണിയില്‍ ചര്‍ച്ച ചെയ്യാനും കോര്‍ കമ്മിറ്റി തീരുമാനിച്ചു.

അതേസമയം സമുദായ വോട്ടുകള്‍ സിപിഎമ്മിന് മറിഞ്ഞെന്നാണ് ബിജെപി സംശയിക്കുന്നത്. ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും പേരിന് മാത്രമാണ് സമുദായ വോട്ടുകള്‍ ലഭിച്ചത്. എന്‍എസ്‌എസ് വോട്ടുകളും ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ബിഡിജെഎസ്സിന് കിട്ടേണ്ടിയിരുന്ന വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് തിരിച്ചുപോയതിന്റെ കണക്കുകളും ബിജെപി അവതരിപ്പിച്ചിട്ടുണ്ട്. ബിഡിജെഎസ് എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ പോവുകയാണ്. അതിനിടെയാണ് ഈ കുറ്റപ്പെടുത്തല്‍. പാലക്കാട് മാത്രമാണ് ജില്ലകളില്‍ വോട്ടുകള്‍ വര്‍ധിച്ചത്. നേമം, മഞ്ചേശ്വരം, പാലക്കാട് മണ്ഡലങ്ങളില്‍ എന്‍ഡിഎ തോറ്റത് മുസ്ലീം വോട്ടുകള്‍ ഏകീകരിച്ചതാണെന്നും ബിജെപി പറയുന്നു.