തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വീടുകളില്‍ ദീപം തെളിയിച്ച അതേദിവസം തന്നെ ബിജെപി മുന്‍ എംഎല്‍എ ഒ രാജഗോപാലും ദീപം തെളിയിച്ചത് എല്‍ഡിഎഫ് വിജയത്തില്‍ പങ്കുചേര്‍ന്നതാണെന്ന ആരോപണം തള്ളി ഒ രാജഗോപാല്‍.

സേവ് ബംഗാള്‍ ദിനത്തിന്റെ ഭാഗമായാണ് വിളക്ക് കൊളുത്തിതെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ ശുദ്ധ അസംബദ്ധമാണെന്നും ഒ രാജഗോപാല്‍ പ്രതികരിച്ചു.

ബംഗാള്‍ ഹാഷ് ടാഗോടെയാണ് രാജഗോപാല്‍ വിളക്ക് തെളിയിച്ചത്. ഇത് ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ വലിയ ചര്‍ച്ചയായി. പിണറായി സര്‍ക്കാരിന്റെ വിജയാഘോഷത്തില്‍ ബിജെപി നേതാവും പങ്കെടുത്തുവെന്നായിരുന്നു പ്രചാരണം. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ഒ രാജഗോപാല്‍.

‘ബംഗാളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ബിജെപി ദേശീയ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്റെ പോസ്റ്റ്. അത് പിണറായി വിജയന് ആശംസയര്‍പ്പിക്കാനാണ് എന്ന് പ്രചരിച്ചത് ശുദ്ധ അസംബദ്ധമാണ്.’ ഒ രാജഗോപാല്‍ പറഞ്ഞു.