ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ ഇന്ത്യയിലേക്ക് ലോകരാജ്യങ്ങളുടെ സഹായം എത്തുന്നത് തുടരുന്നു. ബ്രിട്ടന് അയച്ച മൂന്ന് ഓക്സിജന്‍ ജനറേറ്ററുകളും 1000 വെന്റിലേറ്ററുകളും ഇന്ന് ഇന്ത്യയിലെത്തി.
ബ്രിട്ടന്റെ സഹായത്തിന് വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളുടെയും സമഗ്രമായ നയതന്ത്ര പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിന് കൃതജ്ഞത അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം ട്വീറ്റില്‍ പറഞ്ഞു.
തങ്ങളുടെ സഹായം ഇന്ത്യയിലെ ആശുപത്രികളിലേക്ക് എത്തിക്കുന്നതിനായി ഇന്ത്യന്‍ റെഡ് ക്രോസ് സഹായിക്കുമെന്ന് നേരത്തെ ബ്രിട്ടീഷ് ഹൈകമ്മീഷന് വ്യക്തമാക്കിയിരുന്നു.
വടക്കന്‍ അയര്ലന്ഡില്നിന്നാണ് ഓക്സിജന്‍ ജനറേറ്ററുകള്‍ ഇന്ത്യയിലേക്ക് അയക്കുന്നതെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
കോവിഡ് രണ്ടാം രൂക്ഷമായി തന്നെ രാജ്യത്ത് തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിച്ച് ദിനംപ്രതിയുള്ള മരണം 4000 കടന്നു. 4,092 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 2,42,362 ആയി.