തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ സംസ്ഥാനത്തെ ആശുപത്രികള്‍ നിറയുന്നു. ഐസിയുകളും ഓക്‌സിജന്‍ ആവശ്യവും കൂടിയതോടെ ചികിത്സാ ഉപകരണങ്ങള്‍ക്ക് ക്ഷാമം. പിപിഇ കിറ്റുകള്‍, മാസ്‌ക്കുകള്‍ തുടങ്ങിയവയ്ക്കും ദൗര്‍ലഭ്യം.

914 സര്‍ക്കാര്‍-സ്വകാര്യ-കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 26,889 പേരാണ് ഐസിയു ഇല്ലാത്ത കിടക്കകളില്‍ ചികിത്സയിലുള്ളത്. ഇത് ആകെ കിടക്കകളുടെ 40.6 ശതമാനം. ഐസിയു വെന്റിലേറ്ററുകളില്‍ 1188 (25%), വെന്റിലേറ്ററുകളില്‍ 466 (28%), ഓക്‌സിജന്‍ കിടക്കകളില്‍ 4913 (27.7%) പേരാണ് ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ചികിത്സാ ഉപകരണങ്ങളുടെ കുറവും അനുഭവപ്പെട്ടു തുടങ്ങി. ഓക്‌സിജന്‍ മാസ്‌കുകള്‍, അവ ഘടിപ്പിക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയക്ക് ക്ഷാമം നേരിട്ട് തുടങ്ങി. രോഗികളുടെ എണ്ണം കൂടുന്നതോടെ സിറിഞ്ചിനു പോലും ക്ഷാമം നേരിട്ടേക്കാമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

സുരക്ഷാസാമഗ്രികളുടെ ആവശ്യകതയും ഇരട്ടിയായി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വെബ്‌സൈറ്റിലെ കണക്കനുസരിച്ച്‌ 1,77404 പിപിഇ കിറ്റുകളും 3,40,010 എന്‍ 95 മാസ്‌ക്കും 11.8 ലക്ഷം സര്‍ജിക്കല്‍ മാസ്‌ക്കും 25,81,563 ഗ്ലൗസും സ്റ്റോക്കുണ്ട്. ഇത് ആവശ്യാനുസരണം വിതരണം ചെയ്യാനാകുന്നില്ല. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാരിനോട് 650 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. 300 കോടി അനുവദിച്ചു. എന്നാല്‍, ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല.