കണ്ണൂര്‍: മയ്യില്‍ പോലിസ് സ്റ്റേഷനില്‍ നിന്ന് പോലിസുകാരുടെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെട്ട പ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ആഷിഖിനെയാണ് ഏഴു മാസത്തിനു ശേഷം പിടികൂടിയത്.

2020 ഒക്ടോബര്‍ 20 ന് സ്റ്റേഷന്‍ പാറാവ് ഡ്യൂട്ടിയിലുള്ള പോലിസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ സ്റ്റേഷനില്‍ നിന്നു ഓടിരക്ഷപ്പെടുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മയ്യില്‍ പോലിസ് പഴശ്ശിയിലുള്ള ഭാര്യ വീടിനു സമീപത്തുനിന്നാണ് ആഷിഖിനെ പിടികൂടിയത്. പോലിസെത്തിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.

മയ്യില്‍ എസ്.ഐ. ജബ്ബാര്‍, സ്റ്റേഷന്‍ പി.ആര്‍.ഒ. രാജേഷ്, സീനിയര്‍ സിവില്‍ പോലിസ്‌ഓഫിസര്‍മാരായ അനിഴന്‍, ഓമന, രഞ്ജിത്ത്, വിനോദ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.