ബൈക്ക് ആംബുലന്‍സിന് പകരമാകില്ലെന്നും ആംബുലന്‍സിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി വെക്കണമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പ്രശംസിച്ച് ശ്രീജിത്ത് പണിക്കര്‍. തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഇക്കാര്യം പറഞ്ഞുകൊണ്ട് ശ്രീജിത്ത് രംഗത്തുവന്നത്.
പിണറായി വിജയന് അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ട് ‘അന്തംകമ്മികള്‍ക്ക് വിവരം ഇല്ലെങ്കിലും മുഖ്യമന്ത്രിക്ക് അതുണ്ട്’-എന്നും ശ്രീജിത്ത് തന്റെ പോസ്റ്റിലൂടെ പറയുന്നുണ്ട്. ‘ലാല്‍ സലാം’ എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീജിത്ത് പണിക്കര്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പിണറായി വിജയന്റെ ഫോട്ടോയും ശ്രീജിത്ത് തന്റെ കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗിയെ ഇരുചക്രവാഹനത്തില്‍ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തെ കുറിച്ച് മോശമായ രീതിയില്‍ പ്രതികരിച്ചുകൊണ്ട് ശ്രീജിത്ത് അടുത്തിടെ വിവാദത്തിലകപ്പെട്ടിരുന്നു.
കുറിപ്പ് ചുവടെ:
‘അഭിവാദ്യങ്ങള്‍ സഖാവേ!
അന്തംകമ്മികള്‍ക്ക് വിവരം ഇല്ലെങ്കിലും മുഖ്യമന്ത്രിക്ക് അതുണ്ട്.
പിണറായി വിജയന്: ‘ബൈക്ക് ആംബുലന്‍സിന് പകരമല്ല. ആംബുലന്‍സിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. നിര്‍ണായകഘട്ടത്തില്‍ ആംബുലന്‍സിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി വെക്കണം. ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റര്‍ ആണെങ്കിലും ഡൊമിസിലറി കെയര്‍ സെന്റര്‍ ആണെങ്കിലും അവിടെ ആരോഗ്യ പ്രവര്‍ത്തകരുണ്ടായിരിക്കണം. ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ ആംബുലന്‍സ് ഉറപ്പാക്കണം.’
ലാല്‍സലാം!’