തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷം. ആര്‍സിസിയില്‍ ഏഴ് ശസ്ത്രക്രിയകള്‍ മാറ്റിവച്ചു.. സ്വകാര്യ ആശുപത്രികളുടെ കിടക്കകള്‍, ഓക്സിജന്‍ ലഭ്യത എന്നിവ ഉറപ്പ് വരുത്താന്‍ ജില്ലയില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മാരെ നിയമിക്കും.

ദിവസവും തിരുവനന്തപുരം ആര്‍സിസി യില്‍ 70 ഓളം ഓക്സിജന്‍ സിലിണ്ടറുകളാണ് ആവശ്യമായി വരുന്നത്. ഓക്സിജന്‍ വിതരണത്തിന് കരാറെടുത്തിരിക്കുന്ന ഏജന്‍സികള്‍ സിലിണ്ടറുകള്‍ എത്തിച്ചില്ല. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഴ് ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആര്‍സിസി അധികൃതര്‍ ആരോഗ്യവകുപ്പ്
സെക്രട്ടറിക്ക് കത്ത് നല്‍കി. ലഭിക്കുന്ന ഓക്സിജന്‍ വാര്‍ റൂം വഴി ആശുപത്രികളിലേക്ക് ആവശ്യാനുസരരണം എത്തിച്ച്‌ നല്‍കുമെന്ന് ഡിഎംഒ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിലും കടുത്ത ഓക്സിജന്‍ ക്ഷാമമുണ്ട്. നേരത്തെ ശ്രീചിത്ര ആശുപത്രിയിലും ഓക്സിജന്‍ ക്ഷാമത്തെ
തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റിവച്ചിരുന്നു. അതേസമയം കോവിഡ് ചികിത്സ ഏകോപിപ്പിക്കാന്‍ സ്വകാര്യ ആശുപത്രികളില്‍ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാരെ നിയമിക്കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങളുടേയും കിടക്കകളുടേയും ലഭ്യത ഉറപ്പാക്കുകയും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കുകയും ചെയ്യുകയാണ് ഇവരുടെ ഉത്തരവാദിത്തം.

സ്വകാര്യ ആശുപത്രികളിലെ ആകെ കിടക്കകളുടെ 50 ശതമാനം കോവിഡ് ചികിത്സയ്ക്കു നീക്കിവയ്ക്കണമെന്നു ജില്ലാ കളക്ടര്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ഇങ്ങനെ ലഭിക്കുന്ന കിടക്കകളില്‍ പകുതി എണ്ണം കെ.എ.എസ്.പി. പ്രകാരമുള്ള സൗജന്യ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രോഗികള്‍ക്കു മാറ്റിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യം എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാര്‍ കര്‍ശനമായി ഉറപ്പാക്കും. ഓരോ ആശുപത്രികളിലും ലഭ്യമാകുന്ന കിടക്കകളുടെ എണ്ണം ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റുവഴി പൊതുജനങ്ങള്‍ക്കു ലഭ്യമാക്കേണ്ട ഉത്തരവാദിത്തവും ഇവര്‍ക്കായിരിക്കും. ആശുപത്രികളിലേക്കുള്ള പ്രവേശനം തീര്‍ത്തും സുതാര്യമാക്കണം. ആളുകള്‍ക്ക് കിടക്കകള്‍ ലഭിക്കുന്നതില്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതെ നോക്കണമെന്നും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാര്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കി.

സ്വകാര്യ ആശുപത്രികളിലെ ഓക്‌സിജന്‍ ലഭ്യതയും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാര്‍ ഉറപ്പാക്കും. ഇതിനായി ആശുപത്രികളിലെ ഓക്‌സിജന്‍ സിലിണ്ടറുകളുടെ സ്‌റ്റോക്ക് പരിശോധന നടത്തും. ഓക്‌സിജന്‍ ആവശ്യകതയുണ്ടായാല്‍ ജില്ലാ ഓക്‌സിജന്‍ വാര്‍ റൂമുമായി ബന്ധപ്പെട്ട് അടിയന്തരമായി ലഭ്യമാക്കും. എല്ലാ ആശുപത്രികളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട് ലൈന്‍ ഉറപ്പാക്കും. കോവിഡ് ചികിത്സയുടെ ഭാഗമായി ജില്ലാ ഭരണകൂടവുമായുള്ള ആശയ വിനിമയത്തിന് എല്ലാ സ്വകാര്യ ആശുപത്രികളും ഒരു നോഡല്‍ ഓഫിസറെ നിയമിക്കണമെന്നു കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാര്‍ അതത് ആശുപത്രികളിലെ കോവിഡ് ചികിത്സാ മാനേജ്‌മെന്റ് കൈകാര്യം ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു.