ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്​ മടങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ്​ മുകുള്‍ റോയ്​. ബംഗാളില്‍ ജനാധിപത്യം പുനസ്​ഥാപിക്കാനായി പൊരുതുന്ന ബി.ജെ.പി സൈനികനായി തുടരുമെന്ന്​ അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച നടന്ന ബി.ജെ.പി നിയമസഭ സമാജികരുടെ സുപ്രധാന യോഗത്തില്‍ എത്താതിരുന്നതോടെയാണ്​ മുകുള്‍ റോയ്​ പാര്‍ട്ടി വിട്ട്​ തൃണമൂലിലേക്ക്​ ചേ​ക്കേറുന്നതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്​.

‘നമ്മുടെ സംസ്ഥാനത്ത് ജനാധിപത്യം പുനസ്ഥാപിക്കുന്നതിനായി ബി.ജെ.പിയുടെ പടയാളിയായി പോരാട്ടം തുടരും. ഊഹക്കച്ചവടങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. എന്‍റെ രാഷ്​ട്രീയ പാതയില്‍ ഞാന്‍ ദൃഢനിശ്ചയത്തിലാണ്’-മുകുള്‍ റോയ്​ ട്വീറ്റ്​ ചെയ്​തു.
മുകുള്‍ റോയ്​യുടെ പ്രസ്​താവന സ്‌തുത്യര്‍ഹമാണെന്ന്​ ബി.ജെ.പി ദേശീയ പ്രസിഡന്‍റ്​ ജെ.പി. നഡ്ഡ അഭിപ്രായപ്പെട്ടു. ബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന നേതാവാണ്​ മുകുള്‍ റോയ്​. മുഖ്യമന്ത്രി മമത ബാനര്‍ജിയെ നന്ദിഗ്രാമില്‍ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയെയും ഈ സ്​ഥാനത്തേക്ക്​ പരിഗണിക്കുന്നുണ്ട്​.

സംസ്​ഥാനത്ത്​ തൃണമൂല്‍ കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌​ സ്​പീക്കര്‍ തെരഞ്ഞെടുപ്പ്​ ബഹിഷ്​കരിക്കുമെന്ന്​ സംസ്​ഥാന അധ്യക്ഷന്‍ ദിലീപ്​ ഘോഷ്​ പറഞ്ഞു.