ന്യൂഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 180 ജില്ലകളില്‍ ഒരു കൊറോണ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. കഴിഞ്ഞ 21 ദിവസത്തിനിടെ 54 ജില്ലകളില്‍ പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ ആകെ രോഗികളില്‍ 1,70,841 പേര്‍ വെന്റിലേറ്ററിന്റേയും 9,02291 രോഗികള്‍ ഓക്‌സിജന്റേയും സഹായത്തോടെ വിവിധ ആശുപത്രിയില്‍ കഴിയുന്നുണ്ടെന്നും ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചു. കേന്ദ്രമന്ത്രിമാരുമായുള്ള 25-ാമത് കൊറോണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കര്‍, ഹര്‍ദീപ് സിംഗ് പുരി, മന്‍സുക് മാന്‍ദവ്യ തുടങ്ങിയവര്‍ വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,18,92,676 ആയി. കഴിഞ്ഞ ദിവസം 3,18,609 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. 1,79,30,960 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 37,23,446 പേരാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.

രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിദിന കേസുകളില്‍ 72 ശതമാനം കേസുകളും പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. രോഗികള്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം കര്‍ണാടകയും മൂന്നാമത്തേത് കേരളവുമാണ്.