ആലപ്പുഴ ; പുന്നപ്ര കൊറോണ കെയര്‍ കേന്ദ്രത്തിന് സര്‍ക്കാര്‍ ആംബുലന്‍സ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . കൊറോണ രോഗിയെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ട ഗതികേട് ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാരും , ബിജെപിയും , സോഷ്യല്‍ മീഡിയയും ഒന്നടങ്കം പ്രതിഷേധമുന്നയിച്ചിരുന്നു . അതിനു പിന്നാലെയാണ് പുതിയ തീരുമാനം .
കൊറോണ കെയര്‍ സെന്ററിന് ആവശ്യത്തിനു ആരോഗ്യ പ്രവര്‍ത്തകരെയും വിന്യസിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . കൂടാതെ ജില്ലകളിലെ തദ്ദേശതല സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമാകുന്നവിധം രണ്ടു സ്റ്റാഫ് നഴ്സുമാരെ വിന്യസിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്കി. പുന്നപ്ര വടക്ക് പഞ്ചായത്തിനും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കുമാണ് ഇതിന്റെ ചുമതല.
87 പേര് കഴിയുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരോ ആംബുലന്‍സോ ഉണ്ടായിരുന്നില്ല . കരൂര്‍ സ്വദേശിയായ യുവാവിന് ഇന്നലെ രാവിലെ ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഈ ഗതികേടിനെ പ്രകീര്‍ത്തിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും , സിപിഎം നേതാക്കളും രംഗത്ത് വന്നു .
ഇതിനെ വിമര്‍ശിച്ച് ബിജെപി നേതാക്കളായ സന്ദീപ് വാര്യരും , ശ്രീജിത് പണിക്കരും ഫേസ്ബുക്ക് പോസ്റ്റുകളുമിട്ടിരുന്നു . യുപിയിലായിരുന്നെങ്കില്‍ ഇതിനെ പരിഹസിക്കുമായിരുന്ന സഖാക്കളാണ് ബൈക്കില്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ചതിനെ പ്രശംസിക്കുന്നതെന്ന് സോഷ്യല്‍ മീഡിയും കുറ്റപ്പെടുത്തി . പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പുതിയ തീരുമാനം.