സംസ്ഥാനത്ത് 2022 മാര്‍ച്ച്‌ 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെ എസ് ഇ ബി അറിയിച്ചു. നിരക്കു കൂട്ടുന്നതായുള്ള പ്രചരണം വ്യാജമാണെന്ന് പറഞ്ഞ അധികൃതര്‍ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുന്നു. കഴിഞ്ഞ രണ്ട് മാസത്തെ ബില്ലാണ് ഇപ്പോള്‍ പലയിടങ്ങളിലും വന്നിട്ടുള്ളത്. ഇതില്‍ പലരുടെയും ബില്‍ തുക കൂടുതലാണ്. ഇതാണ് നിരക്ക് വര്‍ധനയെന്ന സംശയത്തിന് ഇട വരുത്തിയത്. 2019 ജൂലൈയിലാണ് സംസ്ഥാനത്ത് ഏറ്റവും അവസാനം കെ എസ് ഇ ബി നിരക്ക് കൂട്ടിയത്.

ഈ വര്‍ഷം മാര്‍ച്ച്‌ 31 വരെ നിരക്കില്‍ വര്‍ധനവുണ്ടാവില്ലെന്ന് അന്ന് തന്നെ വൈദ്യുതി റെഗുലേറ്ററി കമിഷന്‍ ഉത്തരവ് ഇറക്കിയിരുന്നു. മാത്രമല്ല നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെ എസ് ഇ ബി ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുമില്ല. എന്നാല്‍ ഇതൊന്നും മനസിലാക്കാതെയാണ് പലരും വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതെന്നും കെ എസ് ഇ ബി പറഞ്ഞു.