കൊല്‍ക്കത്ത: ബംഗാള്‍ സംഘര്‍ഷത്തിനിടെ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ. ബംഗാളില്‍ സന്ദര്‍ശനം നടത്തിയ വനിതാ കമ്മിഷന്‍ മൂന്നംഗ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിക്കും

ചില സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണികള്‍ നിരന്തരം നേരിടേണ്ടി വരുന്നുവെന്നും, പെണ്‍മക്കളുടെ സുരക്ഷയോര്‍ത്ത് സംസ്ഥാനം വിടാന്‍ ഒരുങ്ങിയിരിക്കുകയാണ് പല മാതാപിതാക്കളുമെന്നും രേഖാ ശര്‍മ്മ പറഞ്ഞു. അക്രമത്തിന് ഇരകളായവര്‍ക്ക് പേടി മൂലം കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പശ്ചിം മേദിനിപുരില്‍ ബലാത്സംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ കമ്മിഷന്‍ സന്ദര്‍ശിച്ചു. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മഹിള മോര്‍ച്ച ദേശീയ അദ്ധ്യക്ഷ വാനതി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ബിജെപിയുടെ വനിതാ നേതാക്കള്‍ രാവിലെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറെ കണ്ട് ചര്‍ച്ച നടത്തും.