ലക്‌നൗ: വീടിനു പുറത്ത് ലോക്ക് ചെയ്ത കാറില്‍ അകപ്പെട്ട നാലു കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. പാര്‍ക്ക് ചെയ്ത കാറില്‍ കുട്ടികള്‍ കളിക്കാനായി കയറിയതായിരുന്നു. കാര്‍ ലോക്ക് ആയതോടെ പുറത്തിറങ്ങാനാവാതെ ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ സിന്‍ഗൗലി താഗ ഗ്രാമത്തിലാണ് സംഭവം. അനില്‍ ത്യാഗി എന്നയാളുടെ വീടിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ സമീപത്തുള്ള വീടുകളിലെ അഞ്ചു കുട്ടികള്‍ കളിക്കാനായി കയറുകയായിരുന്നു. കാര്‍ ലോക്കായതോടെ ഇവര്‍ അതിനുള്ളില്‍ അകപ്പെട്ടു.

നിയതി(8 വയസ്സ്), വന്ദന(4), അക്ഷയ്(4), കൃഷ്ണ(7), ശിവാന്‍ഷ്(8) എന്നിവരാണ് കാറില്‍ അകപ്പെട്ടത്. ഇതില്‍ ശിവാന്‍ഷ് ഒഴികെ എല്ലാവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ശ്വാസംമുട്ടിയാണ് ഇവര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ദുരന്തത്തെത്തുടര്‍ന്ന് കാര്‍ ഉടമയ്‌ക്കെതിരെ അയല്‍വാസികള്‍ രംഗത്തുവന്നു. ഇയാളുടെ നിസംഗതയാണ് കുട്ടികളുടെ മരണത്തിലേക്കു നയിച്ചതെന്ന് അയല്‍വാസികള്‍ ആരോപിച്ചു. കാറുടമയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.