ന്യൂഡെല്‍ഹി: മകന് കോവിഡ് ബാധിച്ച് ചികിത്സയിലായതോടെ കോവിഡ് ബാധിച്ച് മരിച്ച 78കാരിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി ഡോക്ടര്‍. വൃദ്ധയുടെ മകന്റെ സമ്മതം വാങ്ങി ഉടന്‍ തന്നെ മരണാനന്തര ചടങ്ങുകള്‍ക്കുള്ള ഒരുക്കം തുടങ്ങുകയായിരുന്നുവെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
ജൂനിയര്‍ ഡോക്ടര്‍മാരുടെ സഹായത്തോടെ ഡെല്‍ഹിയിലെ നിഗംബോധ് ഘാട്ടിലായിരുന്നു അവരുടെ ശവസംസ്കാര ചടങ്ങുകള്‍ നടത്തിയത്. ശവസംസ്കാര ചടങ്ങുകള്‍ക്ക് ശേഷം ചിതാഭസ്മം നിഗംബോധ് ഘാട്ടിലെ ലോകെറില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
ബുധനാഴ്ചയാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ക്ക് കോള്‍ ലഭിക്കുന്നത്. 78കാരിയായ സ്ത്രീ കോവിഡ് ബാധിച്ച് മരിച്ചുവെന്നും അവരുടെ മകനും രോഗബാധയുള്ളതിനാല്‍ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ ആരുമില്ലെന്നുമായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ പറഞ്ഞത്.
വിവരം അറിഞ്ഞ ഉടന്‍ തന്നെ അവരുടെ ബന്ധുക്കളേയും അയല്‍ക്കാരെയും ബന്ധപ്പെടാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവരാരും മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ മുന്നോട്ട് വരാതായതോടെ ആ കര്‍ത്തവ്യം താന്‍ ഏറ്റെടുക്കുകയായിരുന്നുവെന്ന് നോര്‍ത് ഡെല്‍ഹി മുന്സിപല് കോര്‍പറേഷനിലെ ഡോക്ടറായ വരുണ്‍ ഗാര്‍ഗ് പറഞ്ഞു.
37കാരനായ ഡോക്ടര്‍ ഗാര്‍ഗും കുടുംബാങ്ങളും കഴിഞ്ഞയാഴ്ചയാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കോവിഡ് ബാധക്ക് ശേഷം അദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.