ഇടതു മുന്നണിയുടെ രാഷ്ട്രീയ ഫാസിസത്തിന്റെ അംഗീകാരമോ രാഷ്ട്രീയ ഫാസിസം ഇല്ല എന്നതിന്റെ സൂചനയോ അല്ല തിരഞ്ഞെടുപ്പ് ഫലമെന്ന് ആര്‍.എം.പി നേതാവും നിയുക്ത വടകര എം.എല്‍.എയുമായ കെ.കെ രമ. അതേസമയം ഇടതു മുന്നണിയുടെ വിജയം ജനങ്ങള്‍ കൊടുത്ത അംഗീകാരമാണ് അതിനെ വിലമതിക്കുന്നുവെന്നും കെ കെ രമ പറഞ്ഞു.
മഹാമാരിക്കാലത്ത് സര്‍ക്കാര്‍ ചെയ്ത ജനസംരക്ഷണം നല്ല സര്‍ക്കാര്‍ എന്ന തോന്നലുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുഖ്യമന്ത്രി മീഡിയയുടെ മുന്നില്‍ വന്ന് സംസാരിക്കുമ്ബോള്‍ സ്വാഭാവികമായും ഭരിക്കുന്ന ആളുകള്‍ക്ക് കിട്ടുന്ന സ്വീകാര്യതയാണതെന്നും രമ പറഞ്ഞു. പി.ആര്‍. വര്‍ക്കിലൂടെ കെട്ടിപ്പൊക്കിയ ഇമേജാണ് സര്‍ക്കാരിനുളളത്. സമൂഹത്തിന്റെ താഴേത്തട്ടില്‍ ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രശ്‌നങ്ങളോ വലിയ അഴിമതികളോ ചര്‍ച്ച ചെയ്യപ്പെട്ടില്ല. അതിനെല്ലാമപ്പുറത്തേക്ക് ജനങ്ങള്‍ അംഗീകരിച്ചത് ഈ തലമാണെന്നും കെ.കെ രമ പറഞ്ഞു.

ബി.ജെ.പി 5 മുതല്‍ 10 വരെ സീറ്റ് നേടും എന്ന തോന്നലുണ്ടായിരുന്നു. അതിന് ഇടയാവരുത് എന്ന് മുസ്ലീം വിഭാഗങ്ങളുടെ ഇടയില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. ആ ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞു എന്നുളളതും ഇടതിന്റെ വിജയത്തിന് അടിസ്ഥാനമായി എന്ന് കരുതുന്നതായി രമ പറഞ്ഞു.

അതല്ലാതെ ഫാസിസം ഇല്ല എന്നോ, പിണറായി വിജയന്‍ അതില്‍നിന്ന് മുക്തനാണ് എന്ന തോന്നലിന്റെ ഭാഗമോ അല്ല ഈ ജനവിധി. പിണറായി വിജയന്‍ വലിയ ധാര്‍ഷ്ട്യമുളള, ധിക്കാരമുളള ഭരണാധികാരി ആയിട്ടാണ് പലപ്പോഴും തോന്നിയിട്ടുളളത്. അതിനുളള പ്രധാന കാരണം ടി.പിയുടെ കൊലപാതകമാണ്. മരിച്ച ഒരു വ്യക്തിയെ കുലംകുത്തി കുലംകുത്തി തന്നെയാണ് എന്ന് ഒരു വ്യക്തിക്ക് പറയാന്‍ കഴിയുന്നത് അയാള്‍ അങ്ങേയറ്റത്തെ ഫാസ്റ്റിസ് ആയതുകൊണ്ടാണ്. മനുഷ്യത്വ മനസ്സില്ലാത്തതുകൊണ്ടാണെന്നും രമ പറഞ്ഞു.

ടി.പിയുടെ കൊലപാതകത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഒരിക്കലും ബുദ്ധികേന്ദ്രത്തിലേക്ക് അന്വേഷണം എത്തുന്നില്ല. താഴേക്കിടയില്‍ പിടിക്കപ്പെടുന്നവരെല്ലാം ആ ബുദ്ധികേന്ദ്രത്തിന്റെ ടൂളുകളാണ്. അവരെ കൊണ്ട് ചെയ്യിക്കുകയാണല്ലോ. അതിനാല്‍ ആലോചന നടത്തിയ കേന്ദ്രമാണ് പിടിക്കപ്പെടേണ്ടത്, ആ തലച്ചോറാണ് തകര്‍ക്കപ്പെടേണ്ടത്. മനുഷ്യനെ കൊല്ലുക എന്ന് ചിന്തിക്കുന്ന തലച്ചോര്‍ നമുക്കാവശ്യമില്ല. ആ തലച്ചോറാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കപ്പെടേണ്ടത്. അവരിപ്പോഴും ഏറ്റവും മാന്യന്മാരായി സമൂഹത്തില്‍ നടക്കുകയാണെന്നും രമ കൂട്ടിച്ചേര്‍ത്തു.