ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയെ യുവാവ് അടിച്ചുകൊന്നു. മദ്യ ഗ്ലാസ് അബദ്ധത്തില്‍ താഴെ വീണ് പൊട്ടിയതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന യുവാവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ബറേലിയിലെ റായ്പൂര്‍ ദുലാഹി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ഗീതാ ദേവിയാണ് മരിച്ചത്. ഗീതാ ദേവിയും ഭര്‍ത്താവ് രമേശ് കുമാറും തമ്മില്‍ വഴക്കിടുന്നതിന്റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. മദ്യ ഗ്ലാസ് താഴെയിട്ട് പൊട്ടിച്ചതിനായിരുന്നു യുവാവിന്റെ പ്രകോപനം.

യുവാവിന്റെ തുടര്‍ച്ചയായ മര്‍ദ്ദനത്തില്‍ വേദന കൊണ്ട് പുളഞ്ഞ ഗീതാദേവി സഹായത്തിനായി അലമുറയിട്ട് കരഞ്ഞതായി നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെ നാലുമണിയോടെ വീട്ടില്‍ വന്നുനോക്കിയ നാട്ടുകാര്‍ ഗീത മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഭര്‍ത്താവ് ഒളിവില്‍ പോയതായി നാട്ടുകാര്‍ പറയുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.