ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ കേരളത്തിലെ ചരിത്ര വിജയം മുഖ്യമന്ത്രി പിണറായി വിജയന്‍റെ വ്യക്തിത്വത്തിന്‍റെ ഫലം മാത്രമായി​ അവതരിപ്പിക്കാന്‍ ചില മാധ്യമങ്ങളും രാഷ്​ട്രീയക്കാരും ശ്രമിക്കുന്നതായി സി.പി.എം. പാര്‍ട്ടിയു​െട പ്രതിവാര പത്രമായ പീപ്പിള്‍സ്​ ഡെമോക്രസിയിലെഴുതിയ മുഖപ്രസംഗത്തിലാണ്​ ഇക്കാര്യം ആരോപിക്കുന്നത്​.

‘പരമോന്നത നേതാവിന്‍റെ’ അല്ലെങ്കില്‍ ‘കരുത്തനായ വ്യക്തി’യു​െട ഉദയമാണ്​ എല്‍.ഡി.എഫ്​ വിജയത്തിന്​ പിന്നിലെന്നാണ്​ അവര്‍ അഭിപ്രായ​പ്പെടുന്നത്​. ഒരാളു​െട ആധിപത്യത്തിലാണ്​ സര്‍ക്കാറും പാര്‍ട്ടിയും നിലകൊള്ളുന്നതെന്നാണ്​ അവരുടെ അവകാശവാദം. എന്നാല്‍ വ്യക്തിയുടെ മാത്രമല്ല, കൂട്ടായ്​മയുടെ കൂടി പരിശ്രമത്തി​െന്‍റ ഫലമാണ്​ തെരഞ്ഞെടു​പ്പ്​ വിജയമെന്നും സി.പി.എം അവകാശപ്പെട്ടു.

മുഖ്യമന്ത്രി എന്ന നിലയില്‍ നയരൂപീകരണത്തിന് രാഷ്ട്രീയ മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിലും പൊതുജന താല്‍പര്യം മനസ്സില്‍ വച്ചു​െകാണ്ട്​ നയങ്ങള്‍ നടപ്പാക്കുന്നതില്‍ ഭരണപരമായ കഴിവ് പ്രകടിപ്പിക്കുന്നതിലും പിണറായി വിജയന്‍ സംവിധാനമൊരുക്കിയെന്ന കാര്യത്തില്‍ സംശയമില്ല. എന്നിരുന്നാലും, എല്‍.ഡി.എഫ്​ നേടിയ വിജയം വ്യക്തിഗതവും കൂട്ടായതുമായ പരിശ്രമത്തിന്‍റെ ഫലമാണ്​ -മു​ഖപ്രസംഗം അഭിപ്രായപ്പെട്ടു.

വളരെ പ്രതികൂലമായ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രവര്‍ത്തിക്കേണ്ടി വന്നത്. വലതുപക്ഷ, കമ്മ്യൂണിസ്റ്റ്​ വിരുദ്ധ ശക്തികള്‍ ഭരണത്തിന്‍റെ അവസാന നാളുകളില്‍ കടന്നാക്രമണം നടത്തിയെങ്കിലും ജനോപകാരപ്രദമായ വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ എല്‍.ഡി.എഫ്​ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു​െവന്നും സി.പി.എം മുഖപത്രം അവകാശപ്പെട്ടു.