തിരുവനന്തപുരം: നടി പാര്‍വതി തെരുവോത്തിനെ ചലച്ചിത്ര അക്കാഡമി അധ്യക്ഷയാക്കണമെന്ന് നിര്‍ദേശവുമായി നടന്‍ ഹരീഷ് പേരാടി. ഒപ്പം, സാംസ്‌കാരിക വകുപ്പ് ഉചിതമായ വ്യക്തികളുടെ കയ്യില്‍ കൊടുക്കണം എന്നും സംഗീത നാടക അക്കാദമികകളില്‍ യുവതലമുറയെ കാര്യമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

”സഖാവേ എനിക്ക് ഇപ്പോഴും നിങ്ങളില്‍ നല്ല പ്രതീക്ഷയുണ്ട്…സാസംകാരിക വകുപ്പ് നല്ല കൈകളില്‍ തന്നെ കൊടുക്കണം.. പ്രത്യേകിച്ചും സംഗീത നാടക അക്കാദമിയിലെക്കൊക്കെ യുവത്വത്തെ കാര്യമായി പരിഗണിക്കണം. നാടകം നട്ടെല്ലാണന്ന് തെളിയിച്ച പെണ്‍കുട്ടികളും ആണ്‍കുട്ടികളും പുതുതലമുറയില്‍ ധാരളമുണ്ട്.നാടകം നാടിന്റെ അകമാണ്.

നാടകം സജീവമാക്കിയ ജീവിതമാക്കിയവര്‍ അവിടെയിരിക്കുമ്ബോള്‍ നാടിന്റെ പ്രതിഛായക്ക് തന്നെ തിളക്കം കൂടും. അതുപോലെ ഏത് സര്‍ക്കാര്‍ വന്നാലും ഞാനുണ്ടാകും എന്ന് ഉറപ്പിക്കുന്ന ചലച്ചിത്ര അക്കാദമിയിലെ സ്ഥിരം പുഴുക്കളെ വലിച്ച്‌ ദൂരെ കളയണം. പറ്റുമെങ്കില്‍ K.റെയില്‍ ഉണ്ടാക്കുന്നതു പോലെ ഒരു പ്രത്യേക നാടക അക്കാദമി തന്നെ നാടകക്കാര്‍ക്ക് അനുവദിച്ച്‌ കൊടുക്കണം…നാടക് എന്ന സംഘടനയെ ഉണ്ടാക്കാന്‍ ജീവിതം പണയം വെച്ച്‌ പ്രവര്‍ത്തിച്ച ഷൈലജയെ പോലുള്ളവര്‍ നാടക അക്കാദമിയുടെ തലപ്പത്തും സിനിമയിലെ പുഴു കുത്തുകള്‍ക്ക് നേരെ ഉറക്കെ ശബ്ദിച്ച പാര്‍വതിയെ പോലുള്ളവര്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തും കാണാന്‍ ആഗ്രഹിക്കുന്നത് ഞാന്‍ മാത്രമല്ല,പുരോഗമന കേരളം മുഴുവനുമാണ്