തിരുവനന്തപുരം:കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സുമാരുടെ പ്രതിഷേധം. പത്ത് ദിവസം ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്ന ക്രമം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഡ്യൂട്ടി ക്രമം മാറ്റി കൊണ്ടുള്ള ഉത്തരവ് നഴ്‌സുമാര്‍ കത്തിച്ചു.

ഇടത് സംഘടനയായ ഗവണ്‍മെന്‍റ് നഴ്‌സസ് അസോസിയേഷന്‍ ഉള്‍പ്പെടെയാണ് സമരരംഗത്തുള്ളത്. അതേസമയം, രോഗികളുടെ എണ്ണം കൂടുമ്ബോള്‍ ഓഫ് കുറയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

കിടക്കകള്‍ പോലും തികയാതെ കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നതിനിടെ നഴ്‌സുമാരുടെ പ്രതിഷേധം ആശുപത്രി അധികാരികള്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. വിഷയത്തില്‍ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.