കൊച്ചി: എറണാകുളത്തെ ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണമായും ഇന്ന് രാത്രിയോടെ അടയ്ക്കുമെന്ന് ആലുവ റൂറല്‍ എസ്പി കെ.കാര്‍ത്തിക്. കണ്ടെയ്ന്മെന്റ് സോണുകളായ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണമുണ്ടാകും. നിയന്ത്രണങ്ങളില്‍ വിട്ടു വീഴ്ചയുണ്ടാകില്ല. അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെന്നും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളിലേക്ക് കൂട്ടമായി എത്തരുതെന്നും എസ്.പി പറഞ്ഞു.
അതേസമയം, എറണാകുളം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം അറുപതിനായിരം കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലധികമുള്ള 74 പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നതോടെ ജില്ലയില്‍ താഴേത്തട്ടിലുള്ള ചികിത്സയ്ക്ക് ഊന്നല്‍ നല്‍കാനും തീരുമാനമായി.
എറണാകുളത്ത് നിലവില്‍ കോവിഡ് പൊസിറ്റീവായി ചികിത്സയില്‍ കഴിയുന്നത് 61,847 പേര്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കടക്കുന്നത്. 10 ദിവസത്തില്‍ പോസിറ്റീവായത് 45,187 പേര്. 31.8 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്ബോള്‍ 32 പേരില്‍ കോവിഡ് സ്ഥിരീകരിക്കപെടുന്നു. പോസിറ്റീവായവരില്‍ ഏകദേശം 1200 പേരോളം വിദഗ്ധ ചികിത്സ ആവശ്യമുള്ളവരായുണ്ട്.
2500 പേരോളമാണു ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 800 പേര്. എഫ്എല്‍ടിസി, എസ്എല്‍ടിസി, ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ ആയിരത്തോളം പേരും കഴിയുന്നു. കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നതോടെ പരമാവധി രോഗികളെ പഞ്ചായത്ത് തലത്തില്‍ തന്നെ കൈകാര്യം ചെയ്യാനും തീരുമാനമായി.
തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനം ശക്തമാക്കാന്‍ ഇന്‍സിഡന്റ്സ് റെസ്പോണ്‍സ് സംവിധാനം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ പഞ്ചായത്തുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുടങ്ങും ഈ കണ്ട്രോള് റൂമുകള്‍ വഴിയാണു രോഗികളെ കൈകാര്യം ചെയ്യുക. സന്നദ്ധ സേവനത്തിനായി ജില്ലയില്‍ റജിസ്റ്റര്‍ ചെയ്ത 18,000 പേരുടെ സേവനവും താഴേത്തട്ടില്‍ പ്രയോജനപ്പെടുത്തും.