ചികമംഗളൂരു: ഇന്ത്യന്‍ വനിതാ ക്രികെറ്റ് താരം വേദ കൃഷ്ണമൂര്‍ത്തിയുടെ അമ്മയ്ക്കു പിന്നാലെ സഹോദരിയും കോവിഡ് ബാധിച്ച് മരിച്ചു. വേദയുടെ മൂത്ത സഹോദരി വത്സല ശിവകുമാറാണ് (45) കോവിഡ് ബാധിച്ച് ചികമംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ദിവസങ്ങളായി ആശുപത്രിയിലായിരുന്ന വേദയുടെ സഹോദരിയെ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഐസിയുവില്‍നിന്ന് ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയത്. എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ഗുരുതരാവസ്ഥയിലായ അവര്‍ മരണത്തിനു കീഴടങ്ങി. വത്സലയുടെ ഭര്‍ത്താവ് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരുന്നു. ഒരു മകനുണ്ട്.
വേദയുടെ മുന്‍ പരിശീലകന് ഇര്ഫാന് സയ്ദ് ആണ് മരണവാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. വേദയുടെ മാതാവ് കോവിഡ് ബാധിതയായി മരണത്തിനു കീഴടങ്ങി രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴാണ് മൂത്ത സഹോദരിയുടെ മരണം.
രണ്ടാഴ്ച മുന്‍പ് മാതാവ് കോവിഡ് ബാധിതയായി മരിച്ച വിവരം വേദ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. അനുശോചന സന്ദേശങ്ങള്‍ നേര്‍ന്നവര്‍ക്ക് വേദ ട്വിറ്ററിലൂടെ നന്ദിയും അറിയിച്ചിരുന്നു. വേദയ്ക്കും കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.
ഇരുപത്തെട്ടുകാരിയായ വേദ ഇന്ത്യയ്ക്കായി 48 ഏകദിനങ്ങളും 76 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 48 ഏകദിനങ്ങളിലെ 41 ഇന്നിങ്സുകളിലായി 25.90 ശരാശരിയില്‍ 829 റണ്‍സാണ് വേദയുടെ സമ്ബാദ്യം. മൂന്നു വികെറ്റുമുണ്ട്. ട്വന്റി20യില്‍ 63 ഇനിങ്സുകളിലായി 18.61 ശരാശരിയില്‍ 875 റണ്‍സും നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 57 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.