തിരുവനന്തപുരം : പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തുടങ്ങിയ അക്രമണങ്ങളില്‍ പ്രതികരിച്ച്‌ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. അതിക്രൂരമായി കൊലപാതകങ്ങളും, ബലാത്സംഗങ്ങളും, വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയിട്ടും ബംഗാള്‍ ഭരണകൂടവും പോലീസും നിസ്സഹായരായവരെ സഹായിക്കുന്നതിനു പകരം അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി അതിശക്തമായ നടപടികള്‍ എടുത്തു അവിടുത്തെ നമ്മുടെ സഹോദരീ സഹോദരങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം…………………………..

കുറച്ചു ദിവസമായി, കൃത്യമായി പറഞ്ഞാല്‍ ഇലക്ഷന്‍ റിസള്‍ട്ട്‌ വന്ന ദിവസം മുതല്‍ വെസ്റ്റ് ബംഗാളില്‍ തൃണമുല്‍ തീവ്രവാദികള്‍ അഴിഞ്ഞാടുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മമത ഭരണകാലത്തും ബിജെപി അനുഭാവികളെ കൊല്ലുന്നുണ്ടായിരുന്നെങ്കിലും ഒറ്റപ്പെട്ട സംഭാവങ്ങളായി ചിത്രീകരിച്ചു പോന്നു . എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ബിജെപി, സിപിഎം, കോണ്‍ഗ്രസ്‌ പാര്‍ട്ടികളിലെ ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചുള്ള നരഹത്യയാണ്.

അതിക്രൂരമായി കൊലപാതകങ്ങളും, ബലാത്സംഗങ്ങളും, വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയിട്ടും ബംഗാള്‍ ഭരണകൂടവും പോലീസും നിസ്സഹായരായവരെ സഹായിക്കുന്നതിനു പകരം അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടാണെടുക്കുന്നത്. അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവുമായ സംഭവങ്ങളാണ് അവിടെ നടക്കുന്നത്. വിഷയത്തെ കുറിച്ച്‌ നേരിട്ട് റിപ്പോര്‍ട്ട്‌ കൊടുക്കാനായി കേന്ദ്രമയച്ച സംഘത്തില്‍ ഉണ്ടായിരുന്ന കേന്ദ്ര സഹമന്ത്രി ശ്രി വി മുരളീധരന്റെ വാഹനത്തെയും അക്രമികള്‍ വെറുതെ വിട്ടില്ല.

അതീവ ഗുരുതരമായ സാഹചര്യമാണ് അവിടെ. കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി അതിശക്തമായ നടപടികള്‍ എടുത്തു അവിടുത്തെ നമ്മുടെ സഹോദരീ സഹോദരങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണം. ശാന്തിയും സമാധാനവും തിരികെ കൊണ്ടുവരണം. ബംഗാളിലെ ദുഖമനുഭിക്കുന്ന എല്ലാവര്‍ക്കും നല്ലജീവിതം ഉണ്ടാകാനായി പ്രാര്‍ത്ഥിക്കുന്നു.