ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും സാഹചര്യവും ഒരു ലക്ഷത്തിലധികം രോഗികളുള്ള 12 സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളും പ്രധാനമന്ത്രി സസൂക്ഷ്മം വിലയിരുത്തി.

സംസ്ഥാനങ്ങളിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സഹായവും മാര്‍ഗനിര്‍ദ്ദേശവും നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമോ അതില്‍ കൂടുതലോ ഉള്ള ജില്ലകളെ കണ്ടെത്തണം. ഓക്‌സിജന്‍ പിന്തുണയുള്ളതോ ഐസിയു കിടക്കകളിലോ 60 ശതമാനത്തിലധികം രോഗികളുള്ള ജില്ലകളില്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

റെംഡെസിവിര്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ഉത്പ്പാദനവും ലഭ്യതയും പ്രധാനമന്ത്രി അവലോകനം ചെയ്തു. വാക്‌സിനേഷന്റെ പുരോഗതിയും അടുത്ത കുറച്ച്‌ മാസങ്ങളിലേയ്ക്കുള്ള വാക്‌സിനുകളുടെ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള റോഡ് മാപ്പും അദ്ദേഹം വിലയിരുത്തി. ലോക്ക് ഡൗണ്‍ ഉണ്ടെങ്കിലും ജനങ്ങള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കണമെന്നും വാക്‌സിനേഷനില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ മറ്റ് ചുമതലകള്‍ക്കായി നിയോഗിക്കരുതെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, ഡോ. ഹര്‍ഷ് വര്‍ധന്‍, പീയൂഷ് ഗോയല്‍, മന്‍സുഖ് മാണ്ഡവ്യ തുടങ്ങിയവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.