തിരുവനന്തപുരം : സംസ്ഥാനത്ത ശനിയാഴ്ച മുതല്‍ നടപ്പാക്കുന്ന ലോക്ഡൗണിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ന് വൈകീട്ടോടെ സര്‍ക്കാര്‍ പുറത്തിറക്കും. അവശ്യ സര്‍വ്വീസുകള്‍ക്ക് നിയന്ത്രണമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലചരക്കും മറ്റ് അവശ്യസാധനങ്ങളും വാങ്ങാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടുന്നുണ്ട്. ഇത് സംസ്ഥാനത്ത് കൊറോണ വ്യാപനം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിലും സര്‍ക്കാര്‍ അവശ്യസര്‍വ്വീസുകള്‍ അനുവദിച്ചിരുന്നു. ഏതെല്ലാം കടകള്‍ തുറക്കുമെന്നും ഏതെല്ലാം സര്‍വ്വീസുകള്‍ ഉണ്ടാകുമെന്നുമുള്ള കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയാല്‍ മാത്രമേ വ്യക്തത വരൂ. അതിനാല്‍ ജനങ്ങള്‍ തിരക്ക് കൂട്ടരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.
അതേസമയം ലോക്ഡൗണില്‍ പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തിവെയ്ക്കുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും. നേരത്തെയും സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പൊതുഗതാഗതം വിലക്കിയിരുന്നു. എന്നാല്‍ അന്തര്‍സംസ്ഥാന ട്രെയിനുകള്‍ നിര്ത്തിവെയ്ക്കണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ വിശദമായ ഉത്തരവ് കാത്തിരിക്കുകയാണെന്ന് ദക്ഷണ റെയില്‍വെ അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ വൈകീട്ട് അന്തിമ തീരുമാനം ഉണ്ടാകും.
അതേസമയം സംസ്ഥാനത്ത് 12 എക്സ്പ്രസ് തീവണ്ടികളുള്‍പ്പെടെ 37 സര്‍വ്വീസുകള്‍ ഈ മാസം 31 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനത്തിന് ലോക് ഡൗണുമായി ബന്ധമില്ലെന്നും, ആളുകളുടെ എണ്ണം കുറഞ്ഞത് പരിഗണിച്ചാണ് നടപടിയെന്നുമാണ് റെയില്‍വേ അറിയിച്ചത്.