കൊളംബോ: ഇന്ത്യയില്‍ കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും നിരോധനമേര്‍പ്പെടുത്തി ശ്രീലങ്ക. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ശ്രീലങ്കയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. നേരത്തെ, യു.കെ, യു.എ.ഇ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാരെ നിരോധിച്ചിരുന്നു.

ശ്രീലങ്കയിലെ ആരോഗ്യ വകുപ്പില്‍നിന്ന് നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം, ഇന്ത്യയില്‍ നിന്ന് യാത്ര തീരുമാനിച്ച യാത്രക്കാര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ ദേശീയ വിമാനക്കമ്ബനിയായ സി.ഇ.ഒയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

ശ്രീലങ്കയിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ 5 ദിവസങ്ങളില്‍ രണ്ടായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ പകുതി മുതലുള്ള ശരാശരി കണക്കാക്കിയാല്‍ 200 ന് മുകളിലാണ് പുതിയ കേസുകളുടെ എണ്ണം. നിലവിലെ വൈറസ് വ്യാപനം അതിവേഗം വ്യാപിക്കുന്ന യു.കെ വേരിയന്റില്‍ നിന്നുള്ളതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ശ്രീലങ്കയിലെ കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നതിനായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി പ്രസന്ന രണതുങ്ക പറഞ്ഞു.

അതേസമയം ഇന്ത്യയില്‍ പുതിയ കോവിഡ് കേസുകളും മരണങ്ങളും റെക്കോഡിലെത്തി. 4,12,262 പുതിയ രോഗ ബാധിതരും 3,980 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മൊത്തം കേസുകളുടെ എണ്ണം 2,10,77,410 ഉം മരണസംഖ്യ 2,30,168 ഉം ആണ്.