പത്തനംതിട്ട:മലങ്കര മാര്‍ത്തോമ സഭ വലിയ മെത്രാപ്പോലീത്ത ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. തിരുവല്ലയിലെ സഭാ ആസ്ഥാനത്താണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കൊവിഡ് പ്രോട്ടാക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍.

പ്രത്യേകം തയ്യാറാക്കിയ കല്ലറയിലായാണ് മാര്‍ ക്രസോസ്റ്റത്തെ സംസ്‌കരിച്ചത്. കൊവിഡ് നിയന്ത്രണം കാരണം നഗരം ചുറ്റല്‍ അടക്കമുള്ള ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. മാര്‍ത്തോമ്മാ സഭ പരമാദ്ധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ഇന്ന് അന്തിമോപചാരമര്‍പ്പിക്കാന്‍ സഭാ ആസ്ഥാനത്ത് എത്തിയിരുന്നു. സംസ്‌കാര ചടങ്ങുകള്‍ വിശ്വാസികള്‍ വീട്ടിലിരുന്ന് കാണണമെന്നാണ് സഭാ നേതൃത്വത്തം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.