വളരെ അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടില്‍ എത്തിക്കാന്‍ ഇനി പൊലീസ് സഹായം തേടാം. ഇതിനു സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊലീസ് ആസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ 112 എന്ന നമ്ബറില്‍ ഏതുസമയവും ബന്ധപ്പെടാം. കഴിഞ്ഞ വര്‍ഷം അഗ്നിരക്ഷാ സേനയുടെ സഹായത്താലെ സമാന സൗകര്യം സര്‍ക്കാര്‍ ലഭ്യമാക്കിയിരുന്നു.
പൊലീസിന്റെ ടെലിമെഡിസിന്‍ ആപ്പ് ആയ ബ്ലൂ ടെലി മെഡിന്‍റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ആശുപത്രിയില്‍ പോകാതെതന്നെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും. കോവിഡ് -19 നു മാത്രമല്ല മറ്റ് അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കു വേണ്ട നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും ഈ ആപ്പിലൂടെ ലഭിക്കും.ആപ്പിലെ ഡോക്ടര്‍മാരുടെ പട്ടികയില്‍നിന്ന് ആവശ്യമുള്ളയാളെ തിരഞ്ഞെടുത്ത് ബന്ധപ്പെടാനാകും. ഡോക്ടര്‍ വീഡിയോകോള്‍ മുഖേന രോഗിയെ പരിശോധിച്ച്‌ ഇ-പ്രിസ്ക്രിപ്ഷന്‍ നല്‍കും. തുടര്‍ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ ലഭിക്കുന്ന ഇ-പാസ് പൊലീസ് പരിശോധന സമയത്ത് കാണിച്ച്‌ യാത്ര തുടരാം. അടച്ചുപൂട്ടല്‍ സമയത്ത് ആശുപത്രിയില്‍ പോകാതെതന്നെ ഡോക്ടര്‍മാരില്‍നിന്ന് നേരിട്ട് ചികിത്സ തേടാനുള്ള ഈ സംവിധാനം പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സാമൂഹ്യമാധ്യമങ്ങള്‍ വഴി കോവിഡ് അവബോധം വളര്‍ത്തുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയാ സെന്റര്‍, സോഷ്യല്‍ മീഡിയാ സെല്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. പോലീസിന്‍റെ ഫെയ്സ്ബുക്ക് പേജ്, മറ്റ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ എന്നിവ ബോധവല്‍ക്കരണത്തിനായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.