കുട്ടികള്‍ക്കും കോവിഡ് പ്രതിരോധവാക്‌സിന്‍ നല്കാനൊരുങ്ങുകയാണ് കാനഡ.
12 നും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കുന്നതിനുള്ള അനുമതിയാണ് രാജ്യം നല്‍കിയിരിക്കുന്നത്.
16 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കായി വാക്സിന്‍ നല്‍കാന്‍ കാനഡ നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
ഫൈസര്‍ വാക്സിന്‍ ചെറുപ്പക്കാരില്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കനേഡിയന്‍ ഫെഡറല്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉപദേഷ്ടാവ് ഇന്ത്യന്‍വംശജയായ സുപ്രിയ ശര്‍മ്മ പറഞ്ഞു.
ഇത്തരമൊരു അനുമതി നല്‍കിയ ആദ്യത്തെ രാജ്യമാണ് കാനഡയെന്ന് സുപ്രിയ ശര്‍മയും ആരോഗ്യ മന്ത്രാലയ വക്താവും പറഞ്ഞു.
എന്നാല്‍ ഏപ്രില്‍ മാസത്തില്‍ തന്നെ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിന്‍ ഉപയോഗിക്കാന്‍ അള്‍ജീരിയ അനുമതി നല്‍കിയതായി ഫൈസറിന്റെ കനേഡിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. എന്നാല്‍ കനേഡിയന്‍ ആരോഗ്യ മന്ത്രാലയം ഇതിനോട് പ്രതികരിച്ചിട്ടില്ല.
അമേരിക്കയും സമാനമായ രീതിയില്‍ അനുമതി നല്‍കിയേക്കുമെന്നാണ് വിവരം. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അധികം വൈകാതെ വാക്സിന്‍ കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ 18 വയസിനുമുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.