ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ വിജയം തടയാന്‍ സുപ്രീംകോടതി ഉടന്‍ വിധി പറയണം എന്ന തോറ്റുകൊണ്ടിരിക്കുന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ആ ഭീഷണിക്ക് സുപ്രീംകോടതി വഴങ്ങാന്‍ സാധ്യത കുറവെന്ന് വിലയിരുത്തല്‍. വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണം എന്നാണ് ട്രംപിന്റെ ഹര്‍ജി.

തെരഞ്ഞെടുപ്പ് ദിനത്തിന് മുമ്പോ ശേഷമോ ലഭിച്ച ബാലറ്റുകള്‍ എണ്ണുന്നത് തടയാനാണ് ട്രംപിന്റെ ശ്രമം. വോട്ടെണ്ണല്‍ നടക്കുന്നതിനിടയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജികള്‍ സ്വീകരിക്കുമെന്നോ അല്ലെങ്കില്‍ കോടതി കൈകാര്യം ചെയ്യുന്ന ഏതെങ്കിലും ഹര്‍ജികള്‍ കടുത്ത പോരാട്ടം നടക്കുന്ന മിഷിഗണ്‍, പെന്‍സില്‍വാനിയ പോലുള്ള സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനത്തിന് തടസ്സമാകുമെന്നോ കരുതാനാകില്ല.

ബുധനാഴ്ച പുലര്‍ച്ചെ പല സംസ്ഥാനങ്ങളിലും ബാലറ്റുകള്‍ എണ്ണിക്കൊണ്ടിരിക്കെയാണ് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട് ജയം അവകാശപ്പെടുകയും ബൈഡന്‍ അത് തട്ടിയെടുക്കുകയാണെന്ന് വിലപിക്കുകയും ചെയ്തത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തപാല്‍ വഴി വോട്ടുചെയ്യുന്നതിനെതിരെ ട്രംപ് ആഞ്ഞടിച്ചിരുന്നു. ഇത് തട്ടിപ്പിലേക്ക് നയിക്കുമെന്ന് മുന്‍കൂട്ടി പ്രഖ്യാപിച്ചു. അതിന് ഉപോല്‍ബലകമായ തെളിവുകള്‍ ഒന്നും നല്‍കിയില്ല.

‘ഇത് നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പാണ്. നിയമം ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഞങ്ങള്‍ യുഎസ് സുപ്രീം കോടതിയിലേക്ക് പോകും. വോട്ടെടുപ്പിന്റെ എല്ലാ നടപടികളും നിര്‍ത്തിവെക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു’ എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

തട്ടിപ്പ് എന്തെന്ന് സ്ഥാപിക്കുന്നതിനുള്ള തെളിവുകളോ സുപ്രീം കോടതിയില്‍ എന്ത് കേസ് ആണ് നല്‍കുന്നതെന്നോ ട്രംപ് അപ്പോള്‍ വെളിപ്പെടുത്തിയില്ല. പെന്‍സില്‍വാനിയയില്‍ വൈകി എത്തുന്ന തപാല്‍ വോട്ടുകള്‍ തടയാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നേരത്തെ തന്നെ ട്രംപ് വിഭാഗം ഹര്‍ജികള്‍ നല്‍കിയിരുന്നു. ഇതിനൊപ്പമാണ് മിഷിഗണ്‍ ഉള്‍പ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ പ്രക്രിയ തടസ്സപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍.

മെയില്‍ ബാലറ്റുകല്‍ പല സംസ്ഥാനങ്ങളിലും ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാകുന്നതിന് രണ്ടോ മൂന്നോ ദിവസങ്ങള്‍ അല്ലെങ്കില്‍ അതിലേറെ വേണ്ടിവരും എന്നാണ് യുഎസ് തെരഞ്ഞെടുപ്പ് അധികൃതരെയും യുഎസ് മാധ്യമങ്ങളെയും ഉദ്ധരിച്ച്‌ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രത്യേക ബാലറ്റുകള്‍ അല്ലെങ്കില്‍ വോട്ടിംഗ്, വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ എന്നിവയില്‍ എതിര്‍പ്പുണ്ടാകാമെങ്കിലും അത്തരം തര്‍ക്കങ്ങളില്‍ സുപ്രീംകോടതി അന്തിമഫലം നിര്‍ണ്ണയിക്കുമോ എന്ന് വ്യക്തമല്ലെന്ന് നിയമ വിദഗ്ധര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

2000ല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി അല്‍ഗോറിനെതിരെ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോര്‍ജ് ബുഷ് നല്‍കിയ ഹര്‍ജിയില്‍ അവര്‍ക്ക് അനുകൂലമായി വിധിയെഴുതിയ സാഹചര്യത്തിന് ഒട്ടും സമാനമോ അത്രയും ഗൗരവമായതോ അല്ല നിലവിലെ സാഹചര്യമെന്ന് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ തിരഞ്ഞെടുപ്പ് നിയമ വിദഗ്ധനായ നെഡ് ഫോളി പറഞ്ഞു.

‘ഇപ്പോഴത്തെ ഹര്‍ജികള്‍ വളരെ നേരത്തെ തന്നെ ആണ്. എന്നാല്‍ യുഎസ് സുപ്രീം കോടതി ഇത് എങ്ങനെ നിര്‍ണയിക്കുമെന്ന് വ്യക്തമല്ല. ‘ ഫോളി പറഞ്ഞു.

സുപ്രീംകോടതിക്ക് മുന്നിലുള്ള ആദ്യ കേസ് പെന്‍സില്‍വാനിയ തര്‍ക്കമാണ്. തിരഞ്ഞെടുപ്പ് ദിനത്തില്‍ പോസ്റ്റ് ചെയ്തതും മൂന്ന് ദിവസത്തിന് ശേഷം സ്വീകരിച്ചതുമായ തപാല്‍ വോട്ടുകള്‍ അംഗീകരിക്കാന്‍ പെന്‍സില്‍വാനിയയുടെ പരമോന്നത കോടതിയുടെ സെപ്റ്റംബറിലെ വിധി റിപ്പബ്ലിക്കന്‍മാര്‍ ചോദ്യം ചെയ്യുന്നു.

റിപ്പബ്ലിക്കന്‍മാരുടെ അപ്പീല്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീം കോടതി മുമ്ബ് നിര്‍ദേശിച്ചിരുന്നു. മൂന്ന് കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ ഉടന്‍ തന്നെ ഈ കേസ് വീണ്ടും ഏറ്റെടുക്കാനുള്ള സാധ്യത തുറന്നു. കോടതി കേസ് ഏറ്റെടുക്കുകയും റിപ്പബ്ലിക്കന്‍മാര്‍ക്കായി വിധി പറയുകയും ചെയ്താല്‍ പോലും, പെന്‍സില്‍വാനിയയിലെ അന്തിമ ഫലപ്രഖ്യാപനത്തെ അത് സ്വാധീനിക്കാനിടയില്ല. കാരണം കേസ് നവംബര്‍ 3 ന് ശേഷം ലഭിച്ച തപാല്‍ വോട്ടുകളെ കുറിച്ച്‌ മാത്രമാണ്. ജയം നിര്‍ണയിക്കുന്നത് അതിലേറെ വോട്ടുകളാല്‍ ആണെങ്കില്‍ ആ വിധി തന്നെ അപ്രസക്തമാകും.

പെന്‍സില്‍വാനിയില്‍ ബൈഡന്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാല്‍, ആ സംസ്ഥാനത്ത് നിയമപോരാട്ടത്തിനുള്ള സാധ്യത ഏത് സാഹചര്യത്തിലും കുറയുന്നു എന്ന് നിയമ വിദഗ്ധര്‍ പറഞ്ഞു.
രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തെ ഉടച്ചുവാര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രസിഡന്റ് ട്രംപ് അടുത്തിടെ കണ്‍സര്‍വേറ്റീവ് ആയ ആമി കോണി ബാരറ്റിനെ സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചിരുന്നു. അതോടെ കോടതിയില്‍ റിപബ്ലിക്കന്മാര്‍ക്ക് 6-3 എന്ന ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. പക്ഷെ ഈ കണക്കുകളൊന്നും ജനവിധിയില്‍ ട്രംപിനെ തുണയ്ക്കാന്‍ ഇടയില്ലെന്നാണ് വിലയിരുത്തല്‍.