കോവിഡും മദ്യപാനവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന സന്ദേശങ്ങളില്‍ വിശ്വസിച്ച്‌ കുഴപ്പത്തില്‍ ചാടരുതെന്നാണ് പഞ്ചാബിലെ കോവിഡ് വിദഗ്ധ സമിതി തലവനായ ഡോ. കെകെ തല്‍വാര്‍ പറയുന്നത്.
കോവിഡിനെ പേടിച്ച്‌ വ്ല്ലാതെ മദ്യം കഴിച്ചാല്‍ പ്രതിരോധ ശേഷി തകര്‍ന്ന് വേഗം കോവിഡ് പിടികൂടാന്‍ സാധ്യതയുണ്ടെന്നും തല്‍വാര്‍ പറയുന്നു.
‘സാമുഹ്യ മാധ്യമങ്ങളില്‍ ഇപ്പോഴും പ്രചാരണം നടക്കുന്നതുകൊണ്ടാണ് ഇതു പറയുന്നത്. മദ്യം കോവിഡില്‍നിന്ന് ഒരു സംരക്ഷണവും നല്‍കില്ല.
കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നതുകൊണ്ടു കുഴപ്പമില്ല. എല്ലാല്‍ അളവു കൂടിയാല്‍ പ്രതിരോധ ശേഷി ദുര്‍ബലമാവും. അതുകൊണ്ടുതന്നെ കോവിഡ് വരാനുള്ള സാധ്യത കൂടും’-തല്‍വാര്‍ പറഞ്ഞു.
കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ടും ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. വാക്‌സിന് എടുക്കുന്നതിനു രണ്ടു ദിവസം മുമ്ബും വാക്‌സിന്‍ എടുത്തു രണ്ടു ദിവസവും മദ്യപാനം ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ മുന്‍ ഡയറക്ടര്‍ കൂടിയാണ് ഡോ. തല്‍വാര്‍.
സ്വയം ചികിത്സ ഗ്രാമീണ മേഖലകളില്‍ മരണനിരക്കു കൂട്ടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. പനിയോ മറ്റു ലക്ഷണങ്ങളോ വരുമ്ബോള്‍ അവര്‍ സ്വയം മരുന്നുവാങ്ങി കഴിക്കുകയാണ്.
പരിശോധന നടത്താത്തത് രോഗനിര്‍ണയത്തിലും ചികിത്സയിലും താമസം വരുത്തുന്നതായി അദ്ദേഹം പറഞ്ഞു.