സന്‍ഫ്രാന്‍സിസ്‌കോ: സന്‍ഫ്രാന്‍സിസ്‌കോ ഡൗണ്‍ ടൗണിലെ മാര്‍ക്കറ്റ് സ്ട്രീറ്റില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന രണ്ട് ഏഷ്യന്‍ വനിതകളെ കത്തികൊണ്ട് മാരകമായി കുത്തിപരിക്കേല്‍പ്പിച്ച പ്രതിയെ പിടികൂടിയതായി സന്‍ഫ്രാന്‍സിസ്‌കോ പോലീസ് അറിയിച്ചു. മേയ് നാലിന് പകലാണ് സംഭവം. കുത്തേറ്റ ഒരു വനിതയെ രക്തം വാര്‍ന്നൊലിക്കുന്ന സ്ഥിതിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വനിതയുടെ കയ്യില്‍ കുത്തികയറ്റിയ കത്തിയുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അക്രമം നടത്തിയ പ്രതിയെ രാത്രിയോടെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

കുത്തേറ്റ വനിതകള്‍ ഏഷ്യന്‍ വംശജരാണെന്ന് പോലീസ് വെളിപ്പെടുത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതിയെ കുറിച്ചുള്ള വിവരങ്ങളും പരസ്യമാക്കിയിട്ടില്ല. എന്താണ് അക്രമത്തിന് പ്രേരിപ്പിച്ച ഘടകമെന്ന് വ്യക്തമല്ലെങ്കിലും വംശീയതയാകുമെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ മാസ്‌ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഏഷ്യന്‍ വനിതകളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച സംഭവത്തിനു തൊട്ടടുത്ത ദിവസം തന്നെ ഇത്തരമൊരു കാര്യം നടന്നത് ഏഷ്യന്‍ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈയിടെ ഏഷ്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വളരെ ഗൗരവത്തോടെ കാണണമെന്നും കര്‍ശന നടപടി വേണമെന്നും ഏഷ്യന്‍ സമൂഹം ആവശ്യപ്പെടുന്നു.