തിരുവനന്തപുരം: ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ ആയിരുന്ന കേരളത്തിന് ചുവടുകള്‍ പിഴയ്ക്കുന്നുവോ എന്ന് സംശയം. ഇപ്പോള്‍ കോവിഡ് മരണഭീതിയിലായി കഴിഞ്ഞു സംസ്ഥാനം. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കേരളത്തില്‍ വെന്റിലേറ്ററുകള്‍ക്കും വലിയ ക്ഷാമമാണ് നേരിടുന്നത്. ഐസിയുകളും രോഗികളെ കൊണ്ട് നിറയുന്ന ഘട്ടത്തില്‍ എത്തിയതോടെ സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് കുത്തനെ ഉയരുമെന്ന സൂചനയാണ് തരുന്നത്.

സ്ഥിതിഗതികള്‍ അതിരൂക്ഷമായി തുടരുന്ന കേരളത്തില്‍ ചികിത്സയ്ക്ക് കേന്ദ്രസഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ദ്രവീകൃത ഓക്‌സിജന്‍, വെന്റിലേറ്റുകള്‍ എന്നിവ ഉടന്‍ ലഭ്യമാക്കണമെന്നാണ് കത്തിലെ ആവശ്യം.
അതിനിടെ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ന്യൂറോ, കാര്‍ഡിയാക് വിഭാഗങ്ങളില്‍ ശസ്ത്രക്രിയ നിര്‍ത്തിവച്ചു. സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചതോടെ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്ററുകള്‍ നിറഞ്ഞു. സ്വകാര്യ മേഖലയിലെ 85 ശതമാനം കോവിഡ് കിടക്കകളും നിറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എല്ലാ കോവിഡ് ഐസിയുവിലും രോഗികള്‍ ചികിത്സയിലാണ്. ഇനി നാല് വെന്റിലേറ്റര്‍ മാത്രമാണ് ഒഴിവുള്ളത്. 90 ശതമാനം ഓക്‌സിജന്‍ കിടക്കകളും നിറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ശ്രീചിത്രയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് പെസോ അറിയിച്ചു. രാവിലെ 42 സിലിണ്ടറുകള്‍ എത്തിച്ചതായും പെസോ അറിയിച്ചു.

അതേസമയം രാജ്യത്ത് മെയ് ഒന്നുമുതല്‍ 18 വയസിനും 44 വയസിനുമിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ വാക്‌സിന്‍ നല്‍കിത്തുടങ്ങിയത് വെറും ഒന്‍പത് സംസ്ഥാനങ്ങള്‍ മാത്രമാണ്. ഡല്‍ഹി, മഹാരാഷ്ട്ര,ഛത്തീസ്ഗഡ്,ഗുജറാത്ത്, ജമ്മു കാശ്മീര്‍,കര്‍ണാടക, ഒഡീഷ,രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ 18 വയസിനും 44 വയസിനുമിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. ഈ സംസ്ഥാനങ്ങള്‍ക്ക് മെയ് മാസത്തിലേക്കുള്ള വാക്‌സിന്‍ കേന്ദ്രം നല്‍കിയിട്ടുണ്ട്.