തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഷോറൂമില്‍ കിടന്ന വില കൂടിയ കാര്‍ മോഷണം പോയതായി പരാതി. വെഞ്ഞാറമ്മൂടുള്ള യൂസ്ഡ് കാര്‍ ഷോറൂമിലുണ്ടായിരുന്ന കാറാണ് നഷ്ടപ്പെട്ടത്. ഷോറൂമിന്റെ പൂട്ട് തകര്‍ത്താണ് കള്ളന് കാറുമായി കടന്നത്.
18ഓളം കാറുകള്‍ ഉണ്ടായിരുന്നിട്ടും ഇവയില്‍ ഏറ്റവും വില കൂടിയ കാറുമായാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഇവര്‍ ഉടന്‍ തന്നെ വെഞ്ഞാറമ്മൂട് പോലീസിനെ വിവരം അറിയിച്ചു. പോലീസ് ഉടന്‍ തന്നെ സ്ഥലത്ത് എത്തി പരിശോധന നടത്തി. മാസ്ക് ധരിച്ചെത്തിയ 25 വയസിന് താഴെ പ്രായം തോന്നിക്കുന്നയാളാണ് മോഷ്ടാവ് എന്ന് സൂചനയുണ്ട്.
ഓഫീസിലെ സിസിടിവിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 1.45ന് മോഷ്ടാവ് അകത്ത് കടക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ഷോറൂമിന്റെ മുന്‍ ഭാഗത്തെ സിസിടിവി ക്യാമറ ഓഫ് ചെയ്തിരുന്നതിനാല്‍ മറ്റ് ദൃശ്യങ്ങള്‍ ലഭിച്ചില്ല. ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയും മേശയും കുത്തിപ്പൊളിച്ച ശേഷമാണ് വാഹനത്തിന്റെ താക്കോല്‍ കൈക്കലാക്കിയത്. കാര്യങ്ങള്‍ കൃത്യമായി അറിയാവുന്നതോ സ്ഥാപനത്തില്‍ മുമ്ബ് വന്നിട്ടുള്ളതോ ആയ ആരെങ്കിലുമായിരിക്കാം മോഷണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.