ഇടുക്കി : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ധ്യാനം . സി.എസ്.ഐ സഭ വൈദികര്‍ക്കായി സംഘടിപ്പിച്ച ധ്യാനത്തില്‍ 480 വൈദികരാണ് പങ്കെടുത്തത് .ഇതില്‍ പങ്കെടുത്ത രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. വൈദികരായ ബിജുമോന്‍ (52), ഷൈന്‍ ബി രാജ് (43) എന്നിവരാണ് മരിച്ചത്. കൂടാതെ നൂറോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഏപ്രില്‍ 13 മുതല്‍ 17 വരെ മൂന്നാറില്‍ വെച്ചാണ് ധ്യാനം നടത്തിയത് .ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ മാസ്ക് ധരിക്കുകയോ മറ്റ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം.

അതെസമയം ഒരു വിഭാഗം വൈദികരുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് ധ്യാനം നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തില്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയതായും സൂചനയുണ്ട്. ധ്യാനത്തിന് ശേഷം മടങ്ങിയെത്തിയ വൈദികര്‍ ഇടവക പള്ളികളിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും ധ്യാനത്തില്‍ പങ്കെടുത്ത ശേഷം വൈദികര്‍ ഇടവകയില്‍ എത്തി മറ്റു വൈദികരുമായും വിശ്വാസികളുമായും ഇടപഴകിയെന്നും ആരോപണമുണ്ട്. സംഭവത്തെ തുടര്‍ന്ന് സഭാ നേതൃത്വത്തിനെതിരെ കേസ് എടുക്കണമെന്നും വിശ്വാസികള്‍ ആവശ്യപ്പെടുന്നുണ്ട്.