ലണ്ടന്‍: ജി-7 രാജ്യങ്ങളിലെ വിദേശകാര്യ-വികസന മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍ സംഘത്തിലെ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ഇന്ത്യന്‍ സംഘത്തിലെ മുഴുവന്‍ അംഗങ്ങളും സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചു. ബ്രിട്ടീഷ് സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.

ലണ്ടനില്‍ നാലു ദിവസങ്ങളിലായാണ് യോഗം നടക്കുന്നത്. അതേസമയം വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍സംഘം വെര്‍ച്വല്‍ ആയാണ് യോഗത്തില്‍ പങ്കെടുക്കുക.

തിങ്കളാഴ്ച ലണ്ടനിലെത്തിയ ജയശങ്കര്‍, യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് സംശയിക്കുന്ന ആളുകളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനാല്‍ തന്റെ കാര്യപരിപാടികള്‍ ഓണ്‍ലൈന്‍ മുഖാന്തരം നടത്താന്‍ തീരുമാനിച്ചതായി ജയശങ്കര്‍ ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്താനിരുന്നതായിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ച ഇനി ഓണ്‍ലൈന്‍ മുഖാന്തരമായിരിക്കും നടക്കുക. ജി-7ല്‍ അംഗമല്ലാത്ത ഇന്ത്യ, ക്ഷണിതാവ് എന്ന നിലയിലാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.