കോവിഡ് കാലത്ത് വിവാഹം നടത്താന്‍ നൂതന രീതികളാണ് പലരും പരീക്ഷിക്കുന്നത്. മാച്ചിങ് മാസ്‌കുകള്‍ മുതല്‍ പിപിഇ കിറ്റ് ധരിച്ചുള്ള കല്യാണങ്ങള്‍ വരെ കോവിഡ് കാലത്തെ പതിവ് കാഴ്ചയായി മാറി. ഇപ്പോഴിതാ സാമൂഹിക അകലവും വധുവരന്മാര്‍ക്കിടയിലേക്ക് എത്തിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പുതിയ വിഡിയോയിലാണ് സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിച്ച്‌ വധുവും വരനും പരസ്പരം മാല ചാര്‍ത്തിയത്.

മുളവടിയില്‍ കോര്‍ത്താണ് പൂമാലയും പൂച്ചെണ്ടും ഇരുവരും കൈമാറിയത്. കൊറോണ കാലത്തെ കല്യാണം വിജയിക്കാന്‍ ഇവന്റ് മാനേജര്‍മാര്‍ക്ക് ഏതറ്റം വരെയും പോകേണ്ടിവരും എന്ന് കുറിച്ചാണ് ട്വിറ്ററില്‍ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
രണ്ട് മുളവടികള്‍ ഉപയോഗിച്ച്‌ വധു വരനെ പൂമാല അണിയിക്കുന്നതാണ് വിഡിയോയില്‍ ആദ്യം. പിന്നീട് വരനും ഇതേ രീതിയില്‍ മാല ചാര്‍ത്തുന്നു. ചിലര്‍ വിഡിയോയെ തമാശയായി കണ്ടെങ്കിലും സംഗതി വിഡ്ഢിത്തമാണെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ഇതിലും ഭേദം കല്യാണം മാറ്റിവയ്ക്കുന്നതല്ലേ എന്നാണ് ഇക്കൂട്ടരുടെ ചോദ്യം.