കൊല്ലം: തന്റെ തോല്‍വിക്ക് പിന്നില്‍ ബിജെപിയുടെ വോട്ട് മറിക്കലാണെന്ന ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് കണക്കുകള്‍. കഴിഞ്ഞ തവണ നേടിയ 7160 വോട്ടുകളാണ് മെഴ്‌സിക്കുട്ടിയമ്മക്ക് ഇത്തവണ നഷ്ടപ്പെട്ടത്. ഇത് പാര്‍ട്ടി വോട്ടുകളാണ്. ഇത് നഷ്ടപ്പെട്ടതിന്റെ സാഹചര്യം പ്രാദേശികമായ എതിര്‍പ്പാണെന്ന് സൂചന. ഈ വസ്തുതകളെല്ലാം മറച്ചുവച്ചാണ് ബിജെപിയുടെ വോട്ടുമറിക്കലാണ് തന്റെ പരാജയമെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മയും സിപിഎമ്മും പ്രചരിപ്പിക്കുന്നത്. ഇത് സ്വയം പരിഹസിക്കലാണെന്ന് കുണ്ടറ മണ്ഡലത്തിലെ സിപിഎം സഖാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ തവണ 79,047 വോട്ടുകളാണ് നേടിയത്. ഇക്കുറി ഇത് 71,887 ആയി കുറഞ്ഞു. ആകെ 5097 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥ് കുണ്ടറയില്‍നിന്നും ജയിച്ചുകയറിയത്. കഴിഞ്ഞതവണ നേടിയ വോട്ടെങ്കിലും നേടിയെങ്കില്‍ മന്ത്രിക്ക് അനായാസം വിജയിക്കുമായിരുന്നു. എന്നാല്‍ സ്വന്തം വോട്ട് മുഴുവന്‍ ഉറപ്പാക്കാത്തതും തോല്‍വി പാര്‍ട്ടിക്കാര്‍ സമ്മാനിച്ചതാണെന്ന് മറച്ചുവച്ചുമാണ് ബിജെപിക്കെതിരെ അസത്യം പ്രചരിപ്പിക്കുന്നത്. പാര്‍ട്ടി തന്നെ ഇതിന് പച്ചക്കൊടി കാണിച്ച സാഹചര്യത്തില്‍ സ്വന്തം കഴിവുകേടും പാര്‍ട്ടിവീഴ്ചയും മറച്ചുവയ്ക്കുകയാണ് പ്രചാരണത്തിലൂടെ ഉദ്ദേശിക്കുന്നത്.

പ്രമുഖനായ ഒരു സിപിഎം നേതാവിനെ ഇത്തവണ മത്സരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ഇതനുസരിച്ച്‌ സ്വന്തം ഇമേജ് വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹം ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അവസാനനിമിഷം സ്വയം സ്ഥാനാര്‍ഥിയായി പാര്‍ട്ടിയുടെ നിര്‍ദേശം മറയാക്കി മന്ത്രി തന്നെ രംഗത്തിറങ്ങിയതാണ് പാര്‍ട്ടിയിലെ ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. ഇതും പരാജയകാരണമായി. കശുവണ്ടി ഫാക്ടറികളെല്ലാം തുറക്കുമെന്ന വാഗ്ദാനം പാലിക്കാത്തതും തീരദേശജനതയെ പട്ടിണിയിലാക്കി നടപ്പാക്കിയ നിയമങ്ങള്‍ തിരിച്ചടിയായതും വോട്ടര്‍മാരെ അകറ്റി.

കാഷ്യുകോര്‍പ്പറേഷന്റെയും കാപ്പക്‌സിന്റെയും ഫാക്ടറികളും പാര്‍ട്ടിക്കാരുടെ നടത്തിപ്പിലുള്ള ചില സ്വകാര്യ കാഷ്യു ഫാക്ടറികളുമല്ലാതെ ഭൂരിഭാഗം ഫാക്ടറികളും അടഞ്ഞുതന്നെയായിരുന്നു കിടന്നത്. സ്വകാര്യഫാക്ടറി ഉടമകളെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അഞ്ച് പേരാണ് ഇക്കാലയളവില്‍ കടം കയറിയും ബാങ്കിന്റെ ജപ്തി കാരണവും ജീവനൊടുക്കിയത്. പ്രത്യേകസാമ്ബത്തിക പാക്കേജ് പ്രഖ്യാപനവും പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തികള്‍ക്ക് മാത്രമായി ഒതുക്കി തീര്‍ത്തു. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നതാണ് വാസ്തവം. എന്നാല്‍ സത്യസന്ധമായ വിലയിരുത്തല്‍ നടത്താതെ ബിജെപിയില്‍ കുറ്റം ആരോപിച്ച്‌ പാര്‍ട്ടിയുടെ തടി കേടാകാത്ത വിധം റിപ്പോര്‍ട്ട് നല്കാനാണ് പാര്‍ട്ടിഘടകങ്ങളുടെയും തീരുമാനം.