മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് പിന്നാലെ മുസ്ലിംലീഗിലും ആഭ്യന്തരകലഹം രൂക്ഷമാകുന്നു. നേതൃത്വത്തെ വിമര്‍ശിച്ച്‌ സാമൂഹികമാധ്യമങ്ങളില്‍ അണികള്‍ രംഗത്തെത്തി. മറ്റ് ഘടകകക്ഷികള്‍ക്ക് സംഭവിച്ചത് പോലെ കനത്ത ആഘാതമേറ്റില്ലെങ്കിലും മുന്നണിയുടെ പരാജയത്തിന് ലീഗ് നേതാക്കളും കാരണക്കാരാണെന്നാണ് അണികളുടെ വിമര്‍ശനം. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണത്തിലേറെയും.

എംഎല്‍എയായിരിക്കെ ലോക്സഭയിലേക്ക് പോവുകയും പിന്നീട് എംപി സ്ഥാനം രാജിവച്ച്‌ നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തതിലാണ് പ്രധാന വിമര്‍ശനം. വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെ ശക്തമായഭാഷയില്‍ വിമര്‍ശനമുയരുന്നുണ്ട്. ഈ ‘ചാടിക്കളി’ ശരിയായില്ലെന്ന് പാര്‍ട്ടി ഭാരവാഹികളടക്കം ഓര്‍മിപ്പിക്കുന്നു. മറ്റ് നേതാക്കളുടെ പോസ്റ്റിലും സ്വന്തംനിലയ്ക്കും അണികള്‍ വിയോജിപ്പ് പരസ്യമാക്കുന്നുണ്ട്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ നയിക്കേണ്ട ചുമതല നല്‍കിയാണ് ലീഗ് കുഞ്ഞാലിക്കുട്ടിയെ തിരിച്ചുകൊണ്ടുവന്നത്.

വിമര്‍ശനത്തിന്റെ ആക്കംകുറയ്ക്കാനാണ് എംപി സ്ഥാനം നേരത്തെ രാജിവച്ച്‌ നിയമസഭയ്‌ക്കൊപ്പം ലോക്സഭാ ഉപതെരഞ്ഞെടുപ്പിനും അവസരമൊരുക്കിയത്. പാര്‍ട്ടിയിലെ ‘തീപ്പൊരി’ നേതാക്കളായ കെ.എം. ഷാജി, പി.കെ. ഫിറോസ് എന്നിവരുടെ പരാജയത്തിലും നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നാണ് മറ്റൊരു വിമര്‍ശനം