സിഡ്‌നി: ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് മാക്ഗിലിനെ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച്‌ പോലീസ്. കഴിഞ്ഞ മാസമാണ് സംഭവം. ഏപ്രില്‍ 14 ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ മാക്ഗിലിന്റെ പരിചയക്കാരനാണെന്നും സംഭവത്തിനു പിന്നില്‍ സാമ്ബത്തികമാണെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ അദ്ദേഹത്തിന് നിസാര പരിക്കേറ്റെങ്കിലും വൈദ്യസഹായം ആവശ്യമില്ലെന്ന് പോലീസ് വ്യക്തമാക്കി. 50 വയസ്സുള്ള മാക്ഗില്‍ 1998 നും 2008 നും ഇടയില്‍ ദേശീയ ടീമിന്റെ ടെസ്റ്റ് സ്പിന്നറായിരുന്നു.

ഒരു ഘട്ടത്തില്‍ ഷെയ്ന്‍ വോണിനു പിന്നാലെ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളറായി ടീമില്‍ തിളങ്ങിയ താരമാണ് മാക്ഗില്‍. സിഡ്നിയിലുടനീളം ബുധനാഴ്ച റെയ്ഡ് നടത്തിയതിന് ശേഷമാണ് അറസ്റ്റ് നടന്നതെന്ന് രണ്ടാഴ്ച നീണ്ടുനിന്ന അന്വേഷണത്തിന്റെ ഫലമാണെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് പറഞ്ഞു.

സിഡ്നി നഗരപ്രാന്തമായ ക്രെമോര്‍ണില്‍ വച്ചായിരുന്നു സംഭവം. മാക്ഗിലിനെ സമീപിച്ച 46 കാരനായ ഒരാള്‍ അദ്ദേഹത്തെ ആക്രമിക്കുകയും ഒപ്പം, മറ്റ് രണ്ട് പേര്‍ എത്തി സംഘം മുന്‍ ക്രിക്കറ്റ് കളിക്കാരനെ കാറില്‍ കയറ്റുകയും ചെയ്തു.നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബ്രിംഗെല്ലിയിലെ ഒരു വിദൂര സൈറ്റിലേക്ക് ഇയാളെ കൊണ്ടുപോയി. അവിടെ വെച്ച്‌ ക്രിമിനല്‍ സംഘം തോക്ക് ചൂണ്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

ഒരു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ ഇയാളെ തെക്ക്-പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ബെല്‍മോറിലേക്ക് കൊണ്ടുപോയി വിട്ടയച്ചതായി പോലീസ് പറഞ്ഞു. ആക്രമണത്തിനിടെ പണം കൈമാറുകയോ നേടുകയോ ചെയ്തിട്ടില്ലെന്നും എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍ ശ്രമം സാമ്ബത്തിക പ്രേരിതമാണെന്നും അധികൃതര്‍ പറഞ്ഞു. കുറ്റകൃത്യം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് മാക്ഗില്‍ അധികൃതരെ അറിയിച്ചതെന്നും തന്റെയും കുടുംബത്തിന്റെയും സുരക്ഷയെക്കുറിച്ച്‌ ആശങ്കയുണ്ടെന്നും അദ്ദേഹം അറിയിച്ചെന്ന് പോലീസ് പറഞ്ഞു.