ന്യൂദല്‍ഹി : സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഈടാക്കുന്ന ഫീസ് കുറയ്ക്കണമെന്ന് സുപ്രീംകോടതി. കോവിഡിനെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിടുകയാണ് ഉണ്ടായത്. കുട്ടികള്‍ക്ക് നല്‍കാത്ത സേവനങ്ങള്‍ക്ക് ഫീസ് വാങ്ങരുതെന്ന് സുപ്രീംകോടതി. സിബിഎസ്‌ഇ സ്‌കൂളുകള്‍ ഫീസിന്റെ 70 ശതമാനവും സര്‍ക്കാര്‍ സ്‌കൂളുകള്‍ 60 ശതമാനവുംമാത്രമേ ഈടാക്കാവൂവെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി പരിഗഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്. അടച്ചിടല്‍ കാലത്ത് കുട്ടികള്‍ക്ക് നല്‍കാതിരുന്ന സേവനങ്ങള്‍ക്കും സ്വകാര്യ സ്‌കൂളുകള്‍ ഫീസ് ഈടാക്കുന്നത് വാണിജ്യ വത്കരണമാണ്. ഇത് വിദ്യാഭ്യാസത്തിന്റെ മറവില്‍ ലാഭമുണ്ടാക്കാനുള്ള ശ്രമം കൂടിയാണെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

സ്കൂളുകള്‍ നടത്തിക്കൊണ്ടുപോകാനുള്ള ചെലവുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഫീസ് കുറയ്ക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.വിഷമകാലത്ത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അഭയമാകണമെന്നും കോടതി വിശദമാക്കി. വിദ്യാര്‍ഥികള്‍ക്ക് അധ്യയന വര്‍ഷത്തില്‍ ലഭ്യമാക്കാത്ത സൗകര്യങ്ങള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

മഹാമാരിക്കാലത്തെ സ്കൂള്‍ ഫീസില്‍ 30 ശതമാനം ഇളവുചെയ്യണമെന്ന രാജസ്ഥാന്‍ സര്‍ക്കാരിനെതിരായ പ്രൈവറ്റ് സ്കൂളുകളുടെ പരാതി പരിഗണിക്കുകയായിരുന്ന കോടതി. ഫീസിളവ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ കോടതി സ്കൂളുകള്‍ ഫീസ് കുറയ്ക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.