തിരുവനന്തപുരം: മാസ്ക് ധരിക്കാതെ കാറിലെത്തിയവരെ ചോദ്യംചെയ്ത പൊലീസിനുനേരെ വിനീത് എസ്. തമ്പിയുടെയും സുഹൃത്ത് അനുവിെന്റയും കൈയേറ്റശ്രമം. ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മീഡിയവണ്‍ സംഘത്തിനുനേരെ ഭീഷണി മുഴക്കി. ഇരുവരെയും കേന്റാണ്മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു സംഭവം.
പൊലീസ് പരിശോധനക്കിടെയാണ് വിനീത് എസ്. തമ്ബിയും (27) സുഹൃത്ത് അനുവും (29) കാറിലെത്തിയത്. ഇരുവരും മാസ്ക് ധരിച്ചിരുന്നില്ല. മാസ്ക് വാങ്ങാന്‍ പോകുകയാണെന്നായിരുന്നു പൊലീസിനു നല്കിയ മറുപടി. പൊലീസ് ഫൈന്‍ അടയ്ക്കണമെന്ന് ഇരുവരോടും ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായാണ് പൊലീസിനുനേരെ തിരിഞ്ഞത്.
എസ്.ഐ അടക്കമുള്ളവര്‍ ഇടപെട്ടിട്ടും ഇരുവരും അടങ്ങാതിരുന്നപ്പോഴാണ് മീഡിയവണ്‍ വാര്‍ത്തസംഘം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. ഇതിനു പിന്നാലെ മീഡിയവണ്‍ സംഘത്തിനു നേരെ ആക്രോശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. ‘ഒന്നുകില്‍ നീ നിര്‍ത്ത്, അല്ലെങ്കില്‍ അടുത്ത വരവ് നിന്റെ ഓഫിസിലേക്കായിരിക്കും’ എന്നായിരുന്നു ഭീഷണി.
ഈ ഘട്ടത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. തിരുവനന്തപുരം ലോ അക്കാദമി എ.ഐ.എസ്.എഫിെന്റ മുന്‍ യൂനിറ്റ് സെക്രട്ടറിയും മുന്‍ ജില്ല വൈസ് പ്രസിഡന്റുമാണ് വിനീത് എസ്. തമ്പി. കോവിഡ് നിയന്ത്രണം ലംഘിച്ചതിനും പൊലീസിെന്റ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസെടുത്തത്. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.