കൊറോണ വൈറസ് അതിവ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ലോകം കണ്ട കോലാഹലം ചെറുതല്ല. ഗ്രാമങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്കും പട്ടണങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കും ജീവിതോപാധി തേടിയെത്തിയ ലക്ഷക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികളാണ് ഇന്ത്യ ഉടനീളമുള്ള നിരത്തുകള്‍ കൈയേറിയത്. കാല്‍നടയായും സൈക്കിളിലും തിങ്ങി നിറഞ്ഞ ബസ്സുകളിലുമായി ദിവസങ്ങളോളം നീണ്ട യാത്ര. തൊഴിലിടങ്ങയിലെ അരക്ഷിതാവസ്ഥയും ജീവിതതമെങ്ങനെ മുന്നോട്ടു തള്ളുമെന്ന അനിശ്ചിതത്വവും മാത്രമായിരുന്നു അപ്പോഴും അവര്‍ക്കുണ്ടായിരുന്ന സന്ദേഹം.
ഒരു വര്‍ഷത്തിനിപ്പുറം ഇന്ത്യ കൊറോണ വൈറസിന്റെ അതിവ്യാപനം അനുഭവിക്കുന്ന ഈ ഏപ്രിലില്‍ സമാനമായ സന്ദേഹങ്ങള്‍ തന്നെയാണ് അവരെ അലട്ടുന്നത്. ഇനിയുമൊരു ലോക്ഡൗണിലേക്ക് പോവുകയാണെങ്കില്‍ തങ്ങളുടെ സാഹചര്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തിലും മോശമാകുമെന്ന് അവര്‍ ഭയക്കുന്നു. കോവിഡിന്റെ സാമൂഹിക വ്യാപനം കൂടി കണക്കിലെടുത്ത് തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പോകുന്നതല്ലേ കൂടുതല്‍ സുരക്ഷ എന്ന് ചിന്തിക്കുന്നവരും ഏറെയാണ്.
“നാട്ടില്‍ നിന്ന് തിരിച്ചെത്തി കാര്യങ്ങള്‍ ശരിയായി വരികയായിരുന്നു. ഇപ്പോള്‍ വീണ്ടും ശനിയും ഞായറും ലോക്ഡൗണ്‍ ആയി. രാത്രികാലത്ത് കര്‍ഫ്യുവും വന്നതോടെ പകുതി പണിയേ ഉള്ളൂ. കാശില്ല എന്നാണ് മുതലാളി പറയുന്നത്. ഈ മാസം പകുതി ശമ്ബളമേ ലഭിക്കൂ. വീട്ടിലെ ചെലവിന് എങ്ങനെ കാശു കൊടുക്കും? ഇനി നാളെ ലോക്ഡൗണ്‍ വരില്ലെന്ന് പറയാന്‍ പറ്റുമോ? നാട്ടിലേക്ക് മടങ്ങാമെന്നു വച്ചാല്‍ അതും ചെലവാണ്. പോരാത്തതിന് കൊറോണയും” എറണാകുളം വൈറ്റില ഹബ്ബിനടുത്തുള്ള കടയില്‍ ജോലിക്കാരനായ ത്രിപുര സ്വദേശി ബിപ്ലബ് ഏഷ്യാവില്‍ മലയാളത്തോട് പറഞ്ഞു.
കേരളത്തില്‍ മാത്രം 35 ലക്ഷം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. അസം, പശ്ചിമ ബംഗാള്‍, ഒഡീഷ, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. കഴിഞ്ഞ ലോക്ഡൗണിന്റെ സമയത്ത് യാതൊരു ബുദ്ധിമുട്ടും വരാതെയാണ് കേരള സര്‍ക്കാര്‍ തങ്ങളെ സഹായിച്ചതെന്ന് ഇവരില്‍ പലരും ഓര്‍ക്കുന്നു. പക്ഷെ ഇത്രയും കേസുകള്‍ കൂടുന്ന ഈ സാഹചര്യത്തില്‍ ഇനിയും അതു പ്രതീക്ഷിക്കാനാകുമോ എന്നാണ് അവര്‍ ചോദിക്കുന്നത്.
“ലോക്ഡൗണിന്റെ സമയത്ത് ഭക്ഷണത്തിനൊന്നും ബുദ്ധിമുട്ട് വന്നിരുന്നില്ല. ചപ്പാത്തിക്കുള്ള ഗോതമ്ബും ഉരുളക്കിഴങ്ങും ദാലും ഒക്കെ കിട്ടിയിരുന്നു. അംഗമാലിയുള്ള നാട്ടിലെ സുഹൃത്തുക്കള്‍ക്ക് കേരള സര്‍ക്കാര്‍ തന്നെയാണ് ഭക്ഷണമൊക്കെ നല്‍കിയത്. അവര്‍ക്ക് സ്വന്തമായി വച്ചുകഴിക്കേണ്ടി വരെ വന്നിരുന്നില്ല” എറണാകുളം നഗരത്തിലെ ഹോട്ടല്‍ തൊഴിലാളിയായ ഉത്തര്‍പ്രദേശ് സ്വദേശി ഉസ്മാന് ഏഷ്യാവില്‍ മലയാളത്തോട് പറഞ്ഞു.
കേരളത്തിന് വേണം ഈ ‘അതിഥികളെ’
ലോക്ഡൗണ്‍ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന് അന്യസംസ്ഥാന തൊഴിലാളികളെ വിശേഷിപ്പിച്ചത് ‘അതിഥി തൊഴിലാളികള്‍’ എന്നായിരുന്നു. കേരളത്തിന് ഏറെ വിലപ്പെട്ടവരാണ് ഇവരെന്ന് മുഖ്യമന്ത്രി പലകുറി ആവര്‍ത്തിച്ചിരുന്നു. കേരളത്തില്‍ തുടരുകയാണെങ്കില്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും കമ്മ്യുണിറ്റി കിച്ചന് പോലുള്ള സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. അതിഥി തൊഴിലാളികള്‍ക്കായി അവരുടെ ഭാഷയില്‍ കാള്‍ സെന്ററുകളൊരുക്കി. നാട്ടിലേക്ക് മടങ്ങിപ്പോവേണ്ടവര്ക്ക് ട്രെയിന്‍ സംവിധാനം തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് കേരള സര്‍ക്കാര്‍ അന്ന് ചെയ്തത്. ഇന്നത്തെ കേരള സമൂഹത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വഹിക്കുന്ന പങ്ക് തന്നെയാണ് ഈ ഊഷ്മളതയ്ക്ക് കാരണം.
2013ലെ സംസ്ഥാന ആസൂത്രണ കമ്മിഷന് കണക്കുപ്രകാരം 25 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇത് വര്‍ഷംതോറും ഇത് എട്ടു ശതമാനം വച്ച് കൂടുന്നതായും നിരീക്ഷണമുണ്ടായിരുന്നു. കോവിഡ് കാലത്തെ തൊഴില്‍വകുപ്പ് കണക്കെടുത്തപ്പോള്‍ 4,34,280 അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുണ്ടായിരുന്നത്. ഇതില്‍ 3,07,138 പേര് മടങ്ങിപ്പോയെന്നാണ് സര്‍ക്കാര്‍ കണക്ക്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് പോകാതിരുന്നവരേയും മടങ്ങിയെത്തിയവരുടേയും കണക്കെടുത്താല്‍ കേരളത്തില്‍ ഏതാണ്ട് 1,76,412 അതിഥിതൊഴിലാളികള്‍ മാത്രമാണ് അവശേഷിക്കുന്നത്.
കേരളത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന തൊഴില്‍ ശക്തി എന്നിരിക്കെ പോയവരില്‍ വലിയൊരു ശതമാനം മടങ്ങി വന്നിട്ടില്ല എന്നത് കേരളത്തിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. നിര്‍മാണം, വ്യവസായം, ചെറുകിട കച്ചവടം എന്നുവേണ്ട എല്ലാ തൊഴില്‍ മേഖലയിലും പങ്കുള്ളവരാണ് അവര്‍.
‘ജീവിക്കാന്‍ വേറെയും ചെലവുകളുണ്ട്’
കോവിഡ് തീര്‍ത്ത സാമ്ബത്തിക പരാധീനതകള്‍ക്കിടയില്‍ തൊഴിലാളി ക്ഷാമം കൂടിയ നേരിടേണ്ടി വന്നാല്‍ സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ക്ക് വ്യാപ്തിയേറും. ഈയൊരു സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ എങ്ങനെ സംരക്ഷിക്കുവാനും പിടിച്ചുനിര്ത്തുവാനുമാകും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുക.
ഇതിനോടകം തന്നെ മലയാളിക്ക് എന്നപോലെ കേരളത്തില്‍ തൊഴിലെടുക്കുന്ന അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും സൗജന്യ വാക്സിനേഷനും കോവിഡ് ചികിത്സയും ഒരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്തേതിന് സമാനമായി ഹിന്ദി, അസമീസ്, ഒഡിഷ, ബംഗാളി ഭാഷകള്‍ അറിയാവുന്നവരെ നിയോഗിച്ച് എല്ലാ ജില്ലകളിലും കാള്‍ സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് കോവിഡ് വരികയാണെങ്കില്‍ ആശുപത്രി, ആംബുലന്‍സ് സേവനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഓരോ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് ലേബര്‍ കമ്മിഷണറേറ്റില്‍ നിന്നുള്ള നിര്‍ദേശമുണ്ട്.
എന്നിരുന്നാലും രണ്ടാം ലോക്ഡൗണ്‍ എന്ന ഭയം നിലനില്‍ക്കുന്നതാണ്. അടുത്ത ദിവസങ്ങളില്‍ ഒട്ടേറെപ്പേരാണ് വീണ്ടും കേരളം വിട്ടുപോകുന്നത്. ഫ്ളൈറ്റുകളിലും ദീര്‍ഘദൂര തീവണ്ടികളില്‍ ടിക്കറ്റുകള്‍ കിട്ടാനില്ല.
“നാട്ടില്‍ പോകാന്‍ ആലോചിക്കുന്നുണ്ട്. പക്ഷെ ടിക്കറ്റ് കിട്ടാനില്ല. ഇവിടെ ഭക്ഷണവും മരുന്നും തരാം എന്നൊക്കെ പറഞ്ഞാലും ജീവിക്കാന്‍ വേറെയും ചെലവുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പോലെ ആറു മാസത്തോളം പണിയില്ലാതെ ഇരിക്കാനാകില്ല. നാട്ടിലേക്ക് പോവുകയാണെങ്കില്‍ ഒന്നും ചെയ്യാനില്ലെങ്കിലും വീട്ടിലിരിക്കാം. വേറെ ചെലവുകള്‍ ഒന്നുമില്ല,” അരക്ഷിതാവസ്ഥ മറച്ചുവയ്ക്കാതെ ബിപ്ലബ് പറഞ്ഞു.